
ന്യൂഡല്‍ഹി: ദിവസേന കൂടുന്ന സ്വര്‍ണവിലയില്‍ ഇനിയൊരു താഴേക്ക് പോക്കില്ലെന്ന വസ്തുത എല്ലാവര്‍ക്കും അറിയാം. ദിനംപ്രതി വില വര്‍ദ്ധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തന്നെ സ്വര്‍ണ ചിട്ടികളിലും സ്വര്‍ണ നിക്ഷേപങ്ങളിലും ആളുകള്‍ക്ക് താത്പര്യം കൂടിയിട്ടുമുണ്ട്. എന്നാല്‍ സ്വര്‍ണം വാങ്ങാതെ തന്നെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനാകുമെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ല.
സ്വര്‍ണം വാങ്ങാതെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനുള്ള പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്വര്‍ണ വില വര്‍ദ്ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് മാത്രമല്ല, സ്വര്‍ണം വാങ്ങാതെ തന്നെ പണമുണ്ടാക്കാനാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ യൂണിറ്റുകളടങ്ങിയ സര്‍ക്കാര്‍ സെക്യൂരിറ്റിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് എന്ന പദ്ധതി. സ്വര്‍ണം വാങ്ങി കൈവശം സൂക്ഷിക്കുന്നതിന് പകരമുള്ളതാണ് പദ്ധതി. ഇഷ്യൂ ചെയ്യുന്നതിന്റെ വില നിക്ഷേപകര്‍ പണമായി നല്‍കണം. നിശ്ചിത കാലാവധിക്ക് ശേഷം നിക്ഷേപം പണമായി ഉപയോഗിക്കാം.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് നിക്ഷേപം സ്വീകരിക്കുന്നതും ബോണ്ട് പുറത്തിറക്കുന്നതും. ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും ട്രസ്റ്റുകള്‍ക്കും ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്കും മുതല്‍ സര്‍വകലാശാലകള്‍ക്ക് അടക്കം ബോണ്ടുകള്‍ വാങ്ങാന്‍ യോഗ്യതയുണ്ടാകും.
ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ നാല് കിലോയുടെ സ്വര്‍ണത്തിനുള്ള ബോണ്ട് വാങ്ങാം എന്നാണ് നിയമത്തില്‍ പ്രതിബാധിക്കുന്നത്. 2.5 ശതമാനം പലിശയാണ് ആര്‍ബിഐ നല്‍കുന്നത്. നിക്ഷേപം നടത്തിയ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ ആറ് മാസം കൂടുമ്പോള്‍ പലിശ കൃത്യമായി എത്തും.
സ്വര്‍ണത്തിന്റെ മൂല്യം ദിനംതോറും വര്‍ദ്ധിക്കുന്നതിനാല്‍ അധികലാഭം ലഭിക്കുമെന്നതാണ് സോവറിന്‍ ഗള്‍ഡ് ബോണ്ട് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. എട്ട് വര്‍ഷമാണ് പദ്ധതിയുടെ കാലാവധിയെന്നതിനാല്‍ തന്നെ ഒരു ഇടക്കാല നിക്ഷേപമായി പദ്ധതിയെ ഉപയോഗിക്കാന്‍ കഴിയില്ല.