
□
ചെന്നൈ: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായ ഏപ്രിൽ 19ന് വിധിയെഴുത്ത് നടക്കുന്ന തമിഴ്നാട്ടിൽ ഇന്നും നാളെയും മറ്റന്നാളുമായി രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഡി.എം.കെ - കോൺഗ്രസ് മുന്നണിയിൽ സി.പി.എം മാത്രമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. രണ്ടായി നിൽക്കുന്ന പ്രതിപക്ഷ ചേരിയിൽ ബി.ജെ.പി. അണ്ണാ ഡി.എം.കെ മുന്നണിയിൽ ഇതുവരെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായിട്ടില്ല.
'ഇന്ത്യ'മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ട് മുംബയിലുള്ള മുഖ്യമന്ത്രി
എം.കെ.സ്റ്റാലിൻ തിരിച്ചെത്തിയാലുടൻ ഡി.എം.കെയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും. രണ്ട് സീറ്റിൽ വീതം മത്സരിക്കുന്ന സി.പി.ഐയും, വി.സി.കെയുംസ
ഇന്നു സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. രാമനാഥപുരത്ത് സിറ്റിംഗ് എം.പി നവാസ് കനിയെ വീണ്ടും ഇറക്കാനാണ് മുസ്ലീംലീഗിന്റെ തീരുമാനം.
ഡി.എം.കെയുടെ എതിർ ചേരിയിലെ ചെറുപാർട്ടികൾ ചാഞ്ചാട്ടവും വിലപേശലും തുടരുന്നതാണ് എൻ.ഡി.എ, അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥി നിർണ്ണയം നീണ്ടു പോകുന്നതിന് കാരണം. എൻ.ഡി.എ പക്ഷത്ത് ഉറച്ചു നിന്നിരുന്ന പി.എം.കെയിൽ പോലും ഏത് പക്ഷത്ത് നിൽക്കണമെന്ന കാര്യത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. പാർട്ടി ചെയർമാൻ രാമദോസിന് അണ്ണാ ഡി.എം.കെ സഖ്യത്തോടാണ് താത്പര്യം. എന്നാൽ മകൻ അൻപുമണിക്ക് ബി.ജെ.ബി ബന്ധം തുടരണമെന്നാണ് വാശി.ബി.ജെ.പിയും അണ്ണാ ഡി.എം.കെയും പിണങ്ങി അകന്നതാണ് ഈ പാർട്ടികളിൽ ഉറച്ച തീരുമാനം വൈകുന്നതിന് കാരണം. ബി.ജെ.പിയുമായി അകന്ന് അണ്ണാ ഡി.എം.കെയുമായി ചർച്ചകൾക്കു പോയ ഡി.എം.ഡി.കെയുടെ ആവശ്യങ്ങൾ എടപ്പാടി പളനിസാമി അംഗീകരിച്ചിട്ടില്ല. കമൽഹാസന് ഡി.എം.കെ രാജ്യസഭാ സീറ്റ് ഉറപ്പു നൽകിയതു പോലെ, അന്തരിച്ച നടൻ വിജയകാന്തിന്റെ ഭാര്യ പ്രേമലതയ്ക്ക് രാജ്യസഭാ സീറ്റ് വേണമെന്നാണ് ഡി.എം.ഡി.കെയുടെ പ്രധാന ആവശ്യം.
അണ്ണാ ഡി.എം.കെ ഒപ്പം കൂട്ടാത്ത ഒ.പി.എസിന്റെ വിമത വിഭാഗവും ദിനകരന്റെ അമ്മാ മക്കൾ മുന്നേറ്റ കഴകവും എൻ.ഡി.എയ്ക്ക് ഒപ്പമെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും ഇവർക്കുള്ള സീറ്റുകളുടെ വിഭജനം നടന്നിട്ടില്ല.അതേ സമയം ആരുമായും മുന്നണി ബന്ധമില്ലെന്ന് സൂചനയാണ് അണ്ണാ ഡി.എം.കെ അദ്ധ്യക്ഷൻ എടപ്പാടി പളനിസാമി നൽകുന്നത്.
ബി.ജെ.പി നേതൃത്വത്തിന്
അസംതൃപ്തി
തമിഴ്നാട്ടിൽ പ്രതീക്ഷിച്ച രീതിയിൽ എൻ.ഡി.എ വിപുലീകരണം നടക്കാത്തതിൽ ബി.ജെ.പി ദേശീയ നേതൃത്വത്തിന് അസംതൃപ്തി. അണ്ണാ ഡി.എം.കെ നേതൃത്വവുമായി ഉണ്ടായ അകൽച്ച പരിഹരിക്കുന്നതിൽ സംസ്ഥാന നേതൃത്വം വീഴ്ച വരുത്തിയെന്നാണ് വിലയിരുത്തൽ.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസമാണ് തമിഴ്നാട്ടുകാർ ഫലത്തിനായി കാത്തിരിക്കേണ്ടത്. ഇത്രയും വൈകിക്കുന്ന് മോദിയുടെ തന്ത്രമാണെന്ന് വി.സി.കെ നേതാവ് തിരുമാളവൻ പറഞ്ഞു.