d

ന്യൂഡൽഹി: റേവ് പാർട്ടിയിൽ ലഹരിക്കായി പാമ്പിൻ വിഷം എത്തിച്ച കേസിൽ ബിഗ് ബോസ് താരം അറസ്റ്റിൽ. ബിഗ് ബോസ് വിജയിയും യു ട്യൂബറുമായ എൽവിഷ് യാദവിനെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞ വർഷം റേവ് പാർട്ടികളിൽ പാമ്പിൻ വിഷം എത്തിച്ചതിന് എൽവിഷ് യാദവിനും അഞ്ച് പേർക്കുമെതിരെ നോയിഡയിൽ വന്യജീവി നിയമപ്രകാരം കേസെടുത്തിരുന്നു. 2023 നവംബർ മൂന്നിന് നോയിഡ സെക്ടർ 51ലെ പാർട്ടി ഹാളിൽ നടത്തിയ റെയ്‌ഡിൽ എൽവിഷിനെ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു,​ തന്റെ ചാനലിൽ യു ട്യൂബർ പാമ്പുകളെ കാണിക്കുന്ന നിരവധി വീഡിയോകളും പുറത്തുവന്നിരുന്നു.

മേനക ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ പീപ്പിൾ ഫോ‍ർ ആനിമൽ സംഘടന വ്യാജമേൽവിലാസത്തിൽ എൽവിഷിനെ ബന്ധപ്പെട്ട് പാമ്പുകളെയും പാമ്പിൻ വിഷവും വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് രാഹുൽ എന്നയാളുടെ നമ്പർ എൽവിഷ് സംഘടനയ്ക്ക് കൈമാറി. സെക്ടർ 51ലെ ഹാളിലേക്ക് പി.എഫ്.എ സംഘത്തോട് രാഹുൽ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ പി,എഫ്.എ സംഘം പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തുകയും പാമ്പാട്ടികളെയും രാഹുലിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.