
കൊല്ലം: ദോശയും ഓംലെറ്റും വൈകുമെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ അറിയിച്ചതിന് പിന്നാലെ കൊല്ലത്ത് തട്ടുകടയ്ക്ക് മുന്നില്‍ കൂട്ടയടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് മദ്യപസംഘം ഹോട്ടല്‍ അടിച്ച് തകര്‍ത്തത്. ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്ക് ഉള്‍പ്പെടെ നിരവധിപേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.
കരുനാഗപ്പള്ളി അലിമുക്കിലെ തട്ടുകടയ്ക്ക് മുന്നില്‍ ശനിയാഴ്ച രാത്രിയാണ് കൂട്ടയടിയുണ്ടായത്. ഹോട്ടലുടമ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തിയ ഒരാള്‍ ഓംലെറ്റ് ആവശ്യപ്പെട്ടു. ഓംലെറ്റ് ലഭിക്കാന്‍ അല്‍പ്പം വൈകുമെന്ന് ജീവനക്കാരന്‍ അറിയിച്ചു. ഓംലൈറ്റ് ആവിശ്യപ്പെട്ടവരില്‍ ഉള്‍പ്പെടാത്ത ഹോട്ടലിലുണ്ടായിരുന്ന മറ്റൊരു സംഘം ഇത് കേട്ടതോടെ പ്രകോപിതരായി കടക്കുള്ളിലേക്ക് പാഞ്ഞടുത്തു.
ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ അലിമുക്കിലുള്ള ദോശക്കടയിലാണ് വന്‍ സംഘര്‍ഷം അരങ്ങേറിയത്. അഞ്ചംഗ സംഘം ഹോട്ടല്‍ പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തു. ഭക്ഷണം കഴിക്കാനെത്തിയവരെയും മദ്യപ സംഘം ആക്രമിച്ചു.
സംഘര്‍ഷമുണ്ടാക്കിയ അഞ്ച് പ്രതികളില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. അക്രമി സംഘത്തിലുള്‍പ്പെട്ട പിടിയിലായ പ്രസാദ് എന്നയാളും സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.