
മുംബയ് : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്ക് വിജയിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയാരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മിഷനോട് ഇ.വി.എം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടു. വിവി പാറ്റ് എണ്ണാനും ആവശ്യപ്പെട്ടു. പക്ഷേ അനുമതി ലഭിച്ചില്ലെന്നും രാഹുൽ പറഞ്ഞു.
മുംബയ് ശിവാജി പാർക്കിൽ നടന്ന സമാപന സമ്മേളനം ഇന്ത്യ മുന്നണിയുടെ ശക്തിപ്രകടനത്തിന്റെ വേദിയായി. ശനിയാഴ്ച ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ നടന്ന മഹാറാലി മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനവുമായി.
ജനുവരി 14ന് മണിപ്പൂരിൽ നിന്ന് ആരംഭിച്ച യാത്ര 64ദിവസം കൊണ്ട് 6700കിലോമീറ്റർ പിന്നിട്ടാണ് മുംബയിൽ എത്തിയത്. യാത്ര ശനിയാഴ്ച അവസാനിച്ചിരുന്നു. ശിവാജി പാർക്കിലെ സമ്മേളനത്തിനു മുന്നോടിയായി ഇന്ന് രാവിലെ രാഹുലിന്റെ ന്യായ് സങ്കൽപ്പ പദയാത്ര നടന്നു. മഹാത്മാ ഗാന്ധി മുംബയിൽ താമസിച്ചിരുന്ന മണിഭവനിൽ നിന്ന് 1942 ആഗസ്റ്റ് 8ന് മഹാത്മ ഗാന്ധി ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന് ആഹ്വാനം നൽകിയ ആഗസ്റ്റ് ക്രാന്തി മൈതാനം വരെയായിരുന്നു പദയാത്ര. 1885 ഡിസംബർ 28ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിറവിയെടുത്ത തേജ്പാൽ ഹാളിലും രാഹുൽ ഗാന്ധി എത്തി. അവിടെ ന്യായ് സങ്കൽപ്പ സഭ നടന്നു. പ്രിയങ്ക ഗാന്ധിയും ഗാന്ധിജിയുടെ പേരക്കുട്ടി തുഷാർ ഗാന്ധിയും ചലച്ചിത്ര നടി സ്വര ഭാസ്കറും നിരവധി നേതാക്കളും പങ്കെടുത്തു.
ശിവാജി പാർക്കിലെ റാലിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, എൻ.സി.പി നേതാവ് ശരദ് പവാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ , കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർക്കണ്ഡ് മുഖ്യമന്ത്രി ചമ്പയ് സോറൻ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ബീഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണൽ കോൺഫറൻസിന്റെ ഫറൂഖ് അബ്ദുള്ള, കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ്, ദീപാങ്കർ ഭട്ടാചാര്യ (സി. പി. ഐ എം. എൽ. ജനറൽ സെക്രട്ടറി) തുടങ്ങിയവർ പങ്കെടുത്തു.