pic

ലണ്ടൻ: ലോക ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന ഒട്ടനവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച രാജ്യമാണ് ഇംഗ്ലണ്ട്. ചരിത്ര പ്രസിദ്ധമായ നിരവധി വസ്തുക്കൾ ഇംഗ്ലണ്ടിലെ വിവിധ മ്യൂസിയങ്ങളിലും മറ്റും കാണാം. ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട കോഹിനൂർ രത്നം മുതൽ ഈജിപ്ഷ്യൻ പിരമിഡുകളിൽ നിന്ന് കണ്ടെടുത്ത മമ്മികൾ വരെ ഇക്കൂട്ടത്തിൽപ്പെടുന്നു. അതേ സമയം, ഇംഗ്ലണ്ടിലെ ഏതാനും ചില സുപ്രധാന ചരിത്രശേഷിപ്പുകൾ എവിടെയാണെന്ന് ഇന്നും അജ്ഞാതമാണ്. അവയിൽ ചിലത് ഇതാ:

 ഹാരോൾഡ് രാജാവിന്റെ മൃതശരീരം

ഇംഗ്ലണ്ടിലെ അവസാനത്തെ ആംഗ്ലോ സാക്സൺ രാജാവായിരുന്ന ഹാരോൾഡ് രണ്ടാമൻ ഹാസ്റ്റിംഗ്സ് യുദ്ധത്തിനിടെ കണ്ണിൽ അമ്പ് തറച്ചാണ് മരിച്ചതെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ മൃതശരീരത്തിന് പിന്നെ എന്തു പറ്റി എന്നതും തർക്ക വിഷയമാണ്. ഹാരോൾഡിന്റെ ജന്മസ്ഥലമായ സസക്സിലെ ബോഷമിൽ അദ്ദേഹത്തെ സംസ്കരിച്ചുവെന്നാണ് ഒരു വിഭാഗം ചരിത്രകാരൻമാരുടെ പക്ഷം. അതല്ല, എക്സസിലെ വാൽതം ആബിയിലാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം എന്നാണ് ഒരു വിഭാഗം പറയുന്നത്.

 റിപ്പറിന്റെ കത്ത്

1880കളുടെ അവസാനത്തിൽ ലണ്ടൻ നഗരത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിറുത്തിയ സീരിയൽ കില്ലറായിരുന്നു ' ജാക്ക് ദ റിപ്പർ ". കിഴക്കൻ ലണ്ടനിൽ റിപ്പറിനായുള്ള തിരച്ചിൽ നടക്കുന്നതിനിടെ 1888ൽ പൊലീസിന് റിപ്പർ ഒരു ബോക്സ് അയച്ചു കൊടുത്തു. റിപ്പറിന്റെ കൈകളാൽ കൊല്ലപ്പെട്ട ഏതോ ഒരു സ്ത്രീയുടെ വൃക്കയുടെ ഭാഗമായിരുന്നു അതിനുള്ളിൽ. ഒപ്പം, ' ഫ്രം ഹെൽ ( നരകത്തിൽ നിന്ന് ) " എന്ന തലക്കെട്ടോട് കൂടിയ ഒരു കത്തും അതിനൊപ്പമുണ്ടായിരുന്നു. റിപ്പറിന്റെ കത്തിന്റെ ഫോട്ടോ അന്ന് എടുത്തിരുന്നു. എന്നാൽ, യഥാർത്ഥ കത്തും ബോക്സും പിന്നീട് എവിടെയോ അപ്രത്യക്ഷമായി. ഇതുവരെ ആരാണെന്ന് കണ്ടെത്തിയിട്ടില്ലാത്ത റിപ്പർ എന്ന കൊലയാളിയെ സംബന്ധിച്ച നിർണായക വിവരങ്ങൾ അടങ്ങിയ കത്തായിരുന്നു അത്.

 നെൽസൺ ഡയമണ്ട്

1798ൽ ഈജിപ്റ്റിലെ നൈൽ ഡെൽറ്റ പ്രദേശത്ത് വച്ച് ഫ്രഞ്ച് സേനയെ തോൽപ്പിച്ചതിന് ബ്രിട്ടീഷ് നേവി ഓഫീസറായിരുന്ന ലോർഡ് നെൽസണ് ടർക്കിഷ് സുൽത്താൻ 300 ഡയമണ്ടുകൾ പതിപ്പിച്ച ഒരു ചെലെങ്ക് എന്നറിയപ്പെടുന്ന ഹാറ്റ് പീസ് നൽകുകയുണ്ടായി. ഏഴ് ഇഞ്ച് വലിപ്പമുണ്ടായിരുന്ന ആ അലങ്കാര വസ്തുവിന്റെ നടുവിൽ അമൂല്യമായ വലിയൊരു രത്നകല്ലായിരുന്നു പതിപ്പിച്ചിരുന്നത്. പിൻകാലത്ത് ലണ്ടനിലെ നാഷണൽ മാരിടൈം മ്യൂസിയത്തിൽ സൂക്ഷിച്ചു വന്ന ചെലെങ്ക് 1951ൽ മോഷ്ടിക്കപ്പെട്ടു. ജോർജ് ചാതം എന്നൊരാളെ പിന്നീട് അറസ്റ്റ് ചെയ്തെങ്കിലും ചെലെങ്ക് എവിടെയാണെന്ന് ആർക്കുമറിയില്ല.

 ഒലിവർ ക്രോംവെല്ലിന്റെ തല

ഇംഗ്ലണ്ടിൽ 1661ൽ രാജവാഴ്ച വീണ്ടും പുനഃസ്ഥാപിക്കപ്പെടുകയും ചാൾസ് രണ്ടാമൻ അധികാരത്തിലേറുകയും ചെയ്തപ്പോൾ നേരത്തെ ആഭ്യന്തര യുദ്ധത്തിൽ രാജഭരണത്തിനെതിരെ സൈന്യത്തെ നയിച്ച ഒലിവർ ക്രോംവെല്ലിന്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുക്കുകയുണ്ടായി. 1658ലായിരുന്നു ക്രോംവെൽ അന്തരിച്ചത്. ക്രോംവെല്ലിന്റെ മൃതദേഹത്തെ ശിരച്ഛേദം ചെയ്യുകയും തല കുന്തമുനയിൽ കോർത്തെടുക്കുകയും ചെയ്തു. ഇത് വർഷങ്ങളോളം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് പലരുടെയും കൈകളിലൂടെ കൈമാറപ്പെട്ട ക്രോംവെല്ലിന്റെ തലയോട്ടി 1960കളിൽ കേംബ്രിഡ്ജിൽ സംസ്കരിച്ചതായി പറയുന്നുണ്ടെങ്കിലും എവിടെയാണെന്ന് ആർക്കുമറിയില്ല. അത് ക്രോംവെല്ലിന്റെ തലയോട്ടി തന്നെയായിരുന്നോ എന്നതും തർക്ക വിഷയമാണ്.