
ബ്രാറ്റിസ്ലാവാ : സ്ലോവാക്യയിൽ കരടിയിൽ നിന്ന് രക്ഷനേടാൻ ഓടിയ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ 31കാരിയായ ബെലറൂസ് വംശജയുടെ മൃതദേഹമാണ് വനത്തിൽ കണ്ടെത്തിയത്. ലോ റ്റാട്രാസ് പർവത മേഖലയിലായിരുന്നു സംഭവം.
ചെങ്കുത്തായ കൊക്കകളും നിബിഡ വനവും നിറഞ്ഞ മേഖലയാണിത്. പ്രദേശത്ത് കൂടി നടക്കുന്നതിനിടെ മുന്നിൽ ചാടി വീണ ബ്രൗൺ ബിയർ ഇനത്തിലെ കരടി യുവതിയേയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമിക്കാൻ ശ്രമിച്ചു. ഭയന്ന യുവതിയും സുഹൃത്തും ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും രണ്ടു പേരും രണ്ടു ദിശയിലേക്കാണ് ഓടിയത്.
കരടി യുവതിയുടെ പിന്നാലെ ഓടി. യുവതിയെ കാണാതായതോടെ സുഹൃത്ത് സ്ലോവാക് മൗണ്ടൻ റെസ്ക്യൂ സർവീസിനെ സമീപിച്ചു. ഇവർ നടത്തിയ തെരച്ചിലിൽ വൈകിട്ട് വനത്തിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കരടിയെ വെടിവയ്ക്കാൻ ശ്രമിച്ചെങ്കിലും ഓടി മറഞ്ഞു. അതേ സമയം, യുവതിയുടെ മരണം കരടിയുടെ ആക്രമണം മൂലമാണോ അതോ വീഴ്ചയുടെ ഫലമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
കിഴക്ക്, വടക്കു - കിഴക്കൻ യൂറോപ്പിൽ ബ്രൗൺ ബിയറുകൾ സാധാരണമാണ്. റൊമേനിയ, സ്ലോവാക്യ, പോളണ്ട്, യുക്രെയിൻ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കാർപേത്യൻ പർവത നിരകളിലാണ് ഇവയെ കൂടുതലായി കാണുന്നത്. സ്ലോവാക്യയിൽ ഏകദേശം 1,275 ബ്രൗൺ ബിയറുകൾ ഉണ്ടെന്നാണ് കണക്ക്. സമീപകാലത്തായി ഇവിടെ കരടികളുടെ ആക്രമണം ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.