
തൃശൂർ: തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപ. പ്രശസ്തനായ ഒരു ഡോക്ടർ വിളിച്ച് സുരേഷ് ഗോപിക്കായി സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
സുരേഷ് ഗോപിയെ ഗോപിയാശാൻ അനുഗ്രഹിക്കണമെന്നും അതിനായി അദ്ദേഹം വീട്ടിലെത്തുമെന്നുമായിരുന്നു ഡോക്ടർ പറഞ്ഞത്. അതിനുപറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്മഭൂഷൺ വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചെന്നാണ് രഘുവിന്റെ കുറിപ്പിലുണ്ടായിരുന്നത്. പോസ്റ്റിന് താഴെ അങ്ങനെ എനിക്ക് കിട്ടേണ്ട എന്ന് ഗോപി കമന്റ് ചെയ്തിരുന്നു.
പല വിഐപികളും പിതാവിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കണമെന്നും കുറിപ്പിലുണ്ട്. രാഷ്ട്രീയം എല്ലാവർക്കുമുണ്ട്. അത് താത്ക്കാലിക ലാഭത്തിനല്ലെന്നും ആനെഞ്ചിൽ ആഴ്ന്നിറങ്ങിയതാണെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. സംഭവം വിവാദമായതോടെ അദ്ദേഹം കുറിപ്പ് ഡിലീറ്റ് ചെയ്തു.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിട്ടുണ്ട്. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.