
കോട്ടയം: ജോലി ചെയ്യുന്ന വനിതകൾക്ക് തുച്ഛമായ തുകയ്ക്ക് സുരക്ഷിതമായി ഇനി കോട്ടയത്ത് താമസിക്കാം. ഇതിനായി മുട്ടമ്പലത്തെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തന സജ്ജമായി. ആയിരം രൂപയാണ് മാസവാടക.
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന വനിതകൾക്കായാണ് പൊതുമരാമത്ത് വകുപ്പ് വിമെൻസ് ഹോസ്റ്റൽ പ്രവർത്തന സജ്ജമാക്കിയത്. 120 പേർക്കാണ് താമസസൗകര്യമുള്ളത്.
ചൂഷണം കുറയും
സ്വകാര്യ സ്ഥാപനങ്ങൾ വാടകയിനത്തിൽ പിഴിയുന്ന സാഹചര്യത്തിലാണ് വനിതാ ജീവനക്കാർക്ക് ഹോസ്റ്റൽ സൗകര്യം ഏറെ പ്രയോജനപ്പടുന്നത്. കുടുസു മുറിയിൽ ആറായിരം രൂപ മുതൽ വാങ്ങിയാണ് സ്വകാര്യ ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നത്. പേയിംഗ് ഗസ്റ്റായി താമസിക്കാനും സ്വന്തമായി വീട് വാടകയ്ക്ക് എടുത്ത് താമസിക്കാനും മാസം ഏഴായിരം രൂപയെങ്കിലുമാവും.
മുട്ടമ്പലത്തെ ഹോസ്റ്റലിൽ ആയിരം രൂപ വാടകയും 2000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം കോട്ടയം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർക്കാണ് ചുമതല. ഫോൺ: 8086395150.
പ്രത്യേകതകൾ
മുട്ടമ്പലത്ത് 3293 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ മൂന്നു നിലകളായി 4.20 കോടി രൂപ ചെലവിലാണ് ഹോസ്റ്റൽ സന്ദർശക മുറി, വാർഡൻ, മേട്രൺ എന്നിവർക്കുള്ള മുറികളും ഡൈനിംഗ് ഏരിയയും അടുക്കളയും സ്റ്റോറും ഒരുക്കിയിട്ടുണ്ട്. വായനമുറി, ഡോർമിറ്ററി, റിക്രിയേഷൻ ഹാൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ എന്നിവയുമുണ്ട്.