
പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രൊഫസർ എഹ്സാൻ അഹമ്മദ് 'ഘർവാപസി'യിലൂടെ ഹിന്ദുമതം സ്വീകരിച്ചു. മതപരിവർത്തനത്തിനൊപ്പം തന്നെ പേര് അനിൽ പണ്ഡിറ്റെന്ന് മാറ്റി. പ്രയാഗ്രാജിലെ സി എം പി ഡിഗ്രി കോളേജിൽ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസറാണ് ഇദ്ദേഹം.
എഹ്സാൻ അഹമ്മദ് ആർഎസ്എസിൽ പ്രവർത്തിച്ചുവരികയായിരുന്നു.ബല്ലിയ ജില്ലയിലെ കോളേജിൽ ലക്ചററായ ഹിന്ദു യുവതിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഹൈന്ദവ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം.
തന്റെ 'ഘർവാപസി'യുടെ ഔദ്യോഗിക രേഖകൾ തയ്യാറാക്കുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോഴെന്നാണ് വിവരം. ഇതിനോടകം തന്നെ മതം മാറിയതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് അധികാരികൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 2020ലാണ് ആർ എസ് എസിൽ അംഗമായതെന്ന് എഹ്സാൻ അഹമ്മദ് തന്റെ അപേക്ഷയിൽ പറഞ്ഞു. മതത്തെക്കുറിച്ച് വിപുലമായി പഠിക്കുകയും അഗാധമായ അറിവ് നേടുകയും ചെയ്തു. ഹിന്ദുമതത്തിന്റെ പല പോസിറ്റീവ് വശങ്ങളും തന്നെ പ്രചോദിപ്പിച്ചെന്നും തൽഫലമായി, സ്വന്തം ഇഷ്ടപ്രകാരം ഹിന്ദു വിശ്വാസത്തിലേക്ക് മാറാൻ തീരുമാനമെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എഹ്സാൻ അഹമ്മദ് 'ഘർവാപസി' സംബന്ധിച്ച് സമർപ്പിച്ച രേഖകളും അപേക്ഷകളും ലഭിച്ചിട്ടുണ്ടെന്ന് പ്രയാഗ്രാജ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) അഡ്മിനിസ്ട്രേറ്റ് പൂജ മിശ്ര പറഞ്ഞു. എല്ലാ രേഖകളും പരിശോധിച്ചുവരികയാണ്. ഈ നടപടികൾക്ക് ശേഷം എഹ്സാൻ അഹമ്മദിന് മതപരിവർത്തന സർട്ടിഫിക്കറ്റുകളും ഉടൻ ലഭിക്കും. അപ്പോൾ അയാൾക്ക് തന്റെ ഔദ്യോഗിക രേഖകളിൽ പേര് അപ്ഡേറ്റ് ചെയ്യാൻ കഴിയുമെന്നും പൂജ മിശ്ര അറിയിച്ചു.