
പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം നിങ്ങളുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും സാരമായ രീതിയിൽ ബാധിക്കും. പ്രത്യേകിച്ച് ഇപ്പോൾ മലയാളികൾ പൊരിവെയിലത്തും കൊടും ചൂടിലുമാണ് കഴിയുന്നത്. ഇത് നിങ്ങളുടെ ശരീരത്തിൽ നിർജലീകരണം ഉണ്ടാകുന്നതിനും ചർമത്തിൽ അനവധി പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. അതിനാൽ, ധാരാളം വെള്ളം കുടിക്കേണ്ടതും പഴങ്ങൾ കഴിക്കേണ്ടതും അനിവാര്യമാണ്. മാത്രമല്ല. പുറത്തുപോയി വെയിലും പൊടിയും ഏൽക്കുന്നവരാണെങ്കിൽ ചർമത്തിനും വേണ്ട പരിചരണം കൊടുക്കണം. ഇതിനായി ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.
1. മുഖം വൃത്തിയാക്കുക
ഈ കൊടും ചൂടിൽ ഇടയ്‌ക്കിടെ മുഖം കഴുകുന്നത് വളരെ നല്ലതാണ്. എപ്പോഴും ഫേസ്‌വാഷ് ഉപയോഗിക്കണമെന്നില്ല. ദിവസത്തിൽ രണ്ടോ മൂന്നോ തവണയിൽ കൂടുതൽ ഫേസ്‌വാഷ് ഉപയോഗിക്കരുത്. ഇത് ചർമം വരണ്ടുപോകാൻ കാരണമാകും. വെറും വെള്ളത്തിൽ മുഖം കഴുകുക. ഇത് ചർമത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപടലങ്ങൾ പോകുന്നതിനും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സഹായിക്കും.
2. സൺസ്ക്രീൻ
എസ്‌പിഎഫ് 50ൽ കൂടുതലുള്ള സൺസ്ക്രീൻ വാങ്ങി ഉപയോഗിക്കുന്നത് സൂര്യനിൽ നിന്ന് ചർമത്തിന് സംരക്ഷണം നൽകാൻ സഹായിക്കുന്നു. സൂര്യാതപം ഏറ്റുണ്ടാകുന്ന വരൾച്ച, കരിവാളിപ്പ്, പാടുകൾ എന്നിവയിൽ നിന്നെല്ലാം രക്ഷപ്പെടാനായി സൺസ്ക്രീൻ ഉപയോഗിക്കണം. എല്ലാ നാല് മണിക്കൂർ കൂടുമ്പോഴും സൺസ്ക്രീൻ ഇടുക. നന്നായി വിയർക്കുകയോ നീന്തുകയോ ചെയ്യുകയാണെങ്കിൽ രണ്ട് മണിക്കൂർ കൂടുമ്പോൾ സൺസ്ക്രീൻ ഇടേണ്ടതാണ്.
3. സ്‌ക്രബ്
രണ്ട് ദിവസം കൂടുമ്പോൾ സ്‌ക്രബ് ചെയ്യേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ മുഖത്തെയും ശരീരത്തിലെയും മൃതകോശങ്ങളെ മാറ്റി ചർമത്തെ മൃദുവാക്കാനും ഇത് സഹായിക്കും. ചർമത്തിന്റെ ഘടന മെച്ചപ്പെടുത്തി ചുളിവുകൾ ഉണ്ടാകുന്നത് തടയും.
4. നൈറ്റ് സ്കിൻ കെയർ
രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്തും കഴുത്തിലും മേക്കപ്പ് ഉണ്ടെങ്കിൽ അത് പൂർണമായും തുടച്ച് മാറ്റുക. ഇതിനായി ആദ്യം വെളിച്ചെണ്ണ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം ഫേസ്‌വാഷ് ഉപയോഗിക്കുന്നതാണ് നല്ലത്. പിന്നീട് ഒരു ടോണർ ഉപയോഗിക്കണം. ശേഷം സിറം ഉപയോഗിക്കേണ്ടതാണ്, വൈറ്റമിൻ സി സിറം ഉപയോഗിച്ച് കഴിഞ്ഞാൽ മുഖം നന്നായി തിളങ്ങും. ഇതിന് പുറമേ ഒരു മോയിസ്‌ചറൈസർ കൂടി പുരട്ടിയ ശേഷം കിടന്ന് ഉറങ്ങാവുന്നതാണ്. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. ഇത് മനസിന്റെയും ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.