divorce

വിവാഹം സ്വർഗത്തിൽ വച്ചാണ് നടക്കുന്നത് എന്നാണല്ലോ പറയുന്നത്. രണ്ട് മനുഷ്യർ തമ്മിൽ സുഖദുഖങ്ങൾ പങ്കിട്ട് ജീവിതം ആരംഭിക്കുന്നതാണല്ലോ വിവാഹം എന്ന സങ്കൽപ്പത്തിന് ആധാരം. പലതരം വെറൈറ്റിയിൽ വിവാഹങ്ങളുടെ വാർത്തകളും വീഡിയോകളും നമ്മൾ കാണാറുണ്ട്. അതുപോലെതന്നെ വിവാഹബന്ധം വേർപിരിയുന്നതിന്റെ വാർത്തകളും നാം ശ്രദ്ധിക്കാറുണ്ട്.

ഭാര്യാഭർത്താക്കന്മാരിലെ പൊരുത്തക്കേടുകൾ,​ മത,​വിശ്വാസപരമായ പ്രശ്‌നങ്ങൾ,​ അമ്മായിയമ്മ-നാത്തൂൻ പോര്,​ പരിഹരിക്കാനാകാത്ത കുടുംബപ്രശ്‌നങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ ദൈനംദിനം വിവാഹമോചന വാർത്തകൾക്ക് കാരണമാകാറുണ്ട്. വളരെ വ്യത്യസ്‌തമായ കാരണങ്ങളാൽ വിവാഹമോചനം നേടുന്നതിനും നമ്മുടെ നാട് പ്രശസ്‌തമാണ്. അത്തരത്തിലുള്ള ചിലവ നമുക്ക് നോക്കാം.

ഭർത്താവിന് വിചാരിച്ചത്ര ലുക്കില്ല

ഭർത്താവിന് താൻ ഉദ്ദേശിച്ചത്ര ഭംഗിയില്ല എന്ന കാരണത്താൽ വിവാഹമോചനം ഭാര്യ ആവശ്യപ്പെടുന്ന വാർത്ത നമ്മുടെ നാട്ടിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഡ്രസിംഗ് സെൻസും ഫാഷൻ സെൻസും തന്റെയത്ര ഇല്ലാത്തതിനാൽ ഭർത്താവിനൊപ്പം ജീവിക്കാനാകില്ല എന്ന് ആവശ്യപ്പെട്ട് ഡിവോഴ്‌സ് വാങ്ങിയ സംഭവമാണ് ഉണ്ടായത്.

nonveg

ഭർത്താവിന് മാംസാഹാരം ഇഷ്‌ടം

വിവാഹത്തിന് മുൻപായി മാംസാഹാരം ഇഷ്‌ടപ്പെട്ടിരുന്ന ഭർത്താവിനോട് വിവാഹശേഷം അത് ഉപേക്ഷിക്കണമെന്ന് 23കാരിയായ ജൈന വിശ്വാസിയായ ഭാര്യ ആവശ്യപ്പെട്ടു. വീട്ടിൽ സസ്യാഹാരം കഴിച്ചെങ്കിലും പുറത്തിറങ്ങുമ്പോൾ രജപുത്ര വിഭാഗത്തിൽപെട്ട ഭർത്താവ് തന്തൂരി ചിക്കനും മട്ടൻബിരിയാണിയും കഴിച്ചു. ഭാര്യ ഇത് കൈയോടെ പിടികൂടുകയും അഞ്ച് വർഷമായി തന്നെ നിരന്തരം ഉപദ്രവിക്കുന്നതായി കാട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്‌‌തു. വൈകാതെ കോടതിയിൽ കേസെത്തുകയും ഇരുവരും വേർപിരിയുകയും ചെയ്‌തു.

bed

ഭാര്യ ശാരീരികബന്ധത്തിന് നിരന്തരം നി‌‌ർബന്ധിക്കുന്നു

കിടപ്പറയിലെ പ്രശ്നങ്ങൾ പലപ്പോഴും ഡിവോഴ്‌സിന് കാരണമാകാറുണ്ട്. അത്തരമൊന്നാണ് മുംബയിൽ നിന്നുള്ള ഒരു ഭ‌ർത്താവിന് നേരിടേണ്ടി വന്നത്. ശാരീരികബന്ധത്തിലേർപ്പെടാൻ നിരന്തരം ഭാര്യ നിർബന്ധിക്കുന്നത് കാരണം യുവാവിന് കോടതിയെ സമീപിക്കേണ്ടി വന്നു. ശാരീരികബന്ധത്തിന് സമ്മതിച്ചില്ലെങ്കിൽ തന്റെ മുൻ കാമുകനൊപ്പം പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. അസുഖം മൂലം വിശ്രമിക്കുന്ന സമയത്തുപോലും ഇത്തരത്തിൽ പെരുമാറിയതോടെ ഡിവോഴ്‌സല്ലാതെ മറ്റ് വഴിയില്ലെന്ന് കണ്ട് ഭർത്താവ് കോടതിയെ സമീപിക്കുകയും കോടതി ഡിവോഴ്‌സ് അനുവദിക്കുകയുമായിരുന്നു.

ഭാര്യയ്‌ക്ക് നിറം കുറവാണ്

തന്നെക്കാൾ ഭാര്യയ്‌ക്ക് നിറം കുറവാണ്. ഒപ്പം ഭാര്യയുടെ മുഖത്തെ വലിയ മുഖക്കുരുക്കൾ ഹണിമൂൺ സമയത്ത് തന്നെ അലോസരപ്പെടുത്തി എന്നും കാണിച്ച് ഒരാൾ മുംബയിൽ കോടതിയെ സമീപിച്ചിരുന്നു. ത്വക്ക് രോഗമുണ്ടെന്ന് അറിയിക്കാതെ തന്നെ വഞ്ചിച്ചു എന്നുകാട്ടി നൽകിയ ഡിവോഴ്‌സ് പെറ്റിഷൻ കോടതി അംഗീകരിക്കുകയായിരുന്നു.

husband

ഭാര്യ ഓഫീസിൽ പോകുമ്പോൾ ട്രൗസർ ധരിച്ചു

ജോലിനോക്കുന്ന ഭാര്യ ഓഫീസിൽ പോകുമ്പോൾ ഷർട്ടും ട്രൗസറും ധരിച്ച് പോയത് ചോദ്യം ചെയ്‌ത് ഒരു ഭർത്താവ് ബോംബെ ഹൈക്കോടതിയിൽ ഡിവോഴ്‌സ് ഫയൽ ചെയ്‌തു. പ്രായം 30കളിലുള്ള ആ ഭർത്താവിന്റെ ഹർജി കോടതി തള്ളി. വനിതാ ശാക്തീകരണത്തിന്റെ ഇക്കാലത്തും നമ്മുടെ സമൂഹത്തിൽ ഇത്തരം പുരുഷന്മാരുണ്ടായി എന്നത് അമ്പരപ്പുളവാക്കുന്ന വാർത്തയായി. പരമ്പരാഗത വസ്‌ത്രം ഭാര്യ ധരിക്കാത്തതിന്റെ ഇഷ്‌ടക്കേടാണ് ഡിവോഴ്‌സ് ഫയൽ ചെയ്യാൻ യുവാവിനെ പ്രേരിപ്പിച്ചത്.

ഭർത്താവ് ചായയുണ്ടാക്കാൻ പറഞ്ഞതിനും ഇംഗ്ളീഷിൽ ഭാര്യ സംസാരിക്കാത്തതിനുമടക്കം വേറെയും നിരവധി വിവാഹമോചന ഹർജികൾ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ മാറുന്ന കാലത്തിന്റെ പ്രതീകവും സാമൂഹിക ജീവിതത്തിന്റെ യഥാർത്ഥ പ്രതിഫലനവുമാകാം അതല്ലെങ്കിൽ യഥാർത്ഥ കാരണങ്ങൾ മറച്ചുവക്കാൻ പറയുന്നതുമാകാം എന്നാണ് വിദഗദ്ധർ ഇവയെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നത്.