
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഡി വി സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് റിപ്പോർട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതാണ് പാർട്ടി വിടാനുള്ള കാരണമെന്നാണ് സൂചന. 2014 മുതൽ ബംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു ദക്ഷിണ കന്നടയിൽ നിന്നുള്ള നേതാവ് സദാനന്ദ ഗൗഡ. ഇദ്ദേഹം മെെസൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും സൂചന.
സദാനന്ദ ഗൗഡയുമായി കർണാടക പിസിസി അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ ചർച്ചകൾ നടത്തിവരികയാണ്. ബംഗളൂരു നോർത്തിൽ നിന്നുള്ള സിറ്റിംഗ് എം പിയായ ഗൗഡയ്ക്ക് അതേ സീറ്റ് ലോക്സഭാ തിരഞ്ഞെടുപ്പിൽ നിഷേധിച്ചതാണ് ബിജെപി വിടാൻ കാരണം.
ബംഗളൂരു നോർത്തിൽ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെയുടെ പേരാണ് സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. വൊക്കലിഗ സമുദായംഗമായ ഗൗഡ ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ തുടക്കകാലത്ത് റെയിൽവേ മന്ത്രിയായിരുന്നു. പാർട്ടിയുടെ നടപടികളെ വിമർശിച്ച് അടുത്തിടെ അദ്ദേഹം രംഗത്തെത്തിയിരുന്നത് വലിയ ചർച്ചയായി. പിന്നാലെയാണ് ഇപ്പോൾ ബിജെപി വിട്ടേക്കുമെന്ന് റിപ്പോർട്ട് വരുന്നത്.