
മലയാളികൾ പച്ചക്കറി കടകളിൽ എത്തുമ്പോൾ കൂടുതലായി വാങ്ങാൻ ശ്രമിക്കുന്ന ഒരിനമാണ് കൂർക്ക. എന്നാൽ പല സമയങ്ങളിലും കൂർക്ക കടകളിൽ ലഭ്യമാകണമെന്നില്ല. ചിലപ്പോൾ ഒരു കിലോഗ്രാം കൂർക്കയുടെ വില 100 രൂപ വരെ കടന്ന സമയങ്ങളുമുണ്ട്. അതിനാൽ തന്നെ വിപണിയിൽ കൂർക്കയ്ക്ക് ആവശ്യക്കാരേറേയാണ്. ജൈവികമായി വിളയിച്ചെടുക്കുന്ന കൂർക്കയ്ക്ക് വിപണികളിൽ മികച്ച വിലയും ലഭിക്കാറുണ്ട്. നിലവിൽ ഒരു കിലോഗ്രാം കൂർക്കയുടെ വിപണി വില 60 രൂപയാണ്. ഒരു കിലോഗ്രാം കൂർക്ക വിത്തുപയോഗിച്ച് അഞ്ച് കിലോഗ്രാം വരെ കൂർക്ക വിളവെടുക്കാൻ സാധിക്കുന്ന ഒരു ഉഗ്രൻ കൃഷി രീതി പരിചയപ്പെടാം.
ചെറിയൊരു ഗ്രോ ബാഗോ ചെടിച്ചട്ടിയോ ഉണ്ടെങ്കിൽ കൂർക്കകൃഷി നടത്താവുന്നതാണ്. കൂർക്ക കൃത്യമായ രീതിയിൽ മുളപ്പിച്ചെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് ഉത്തമം ചണച്ചാക്കോ അല്ലെങ്കിൽ കോട്ടൺ തുണിയോ ആണ്. ഇവയെ നന്നായി നനച്ചെടുക്കുക. ശേഷം നല്ല കൂർക്ക വിത്തുകൾ ഇവയ്ക്കുളളിൽ വച്ച് പൊതിയുക. ഇത് അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് മാറ്റിവച്ചാൽ അധികം താമസമെടുക്കാതെ തന്നെ കൂർക്ക മുളപ്പിച്ചെടുക്കാവുന്നതേയുളളൂ.
മുള വന്ന ഭാഗം മുകളിലോട്ട് വച്ചാണ് മണ്ണിൽ നടേണ്ടത്. മണ്ണിൽ ചാണകപൊടി വിതറിയതിന് ശേഷമാണ് മുള വന്ന കൂർക്ക നടാനുളളത്. നട്ടതിന് ശേഷം രണ്ട് നേരം നന്നായി നനച്ച് കൊടുക്കുകയാണെങ്കിൽ പെട്ടന്ന് വിളവെടുക്കാൻ സാധിക്കും. വേപ്പിൻ പിണ്ണാക്ക് അടിവളയായി ഉപയോഗിക്കുന്നത് കീടങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. ഇത്തരത്തിൽ മുള വന്ന ചെടികളിൽ നിന്ന് നാമ്പ് നുളളിയെടുത്ത് നട്ടും കൂർക്ക വിളയിച്ചെടുക്കാം. ഇതിന് മേൽവളം കൊടുക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. കേഴിവളമാണ് ഇതിന് ഉത്തമം.ഇങ്ങനെ ചെയ്യുകയാണെങ്കിൽ അഞ്ച് മാസം കൊണ്ട് തന്നെ വിളവെടുക്കാവുന്നതാണ്. കൂർക്കയുടെ നാമ്പുകൾ ഉണങ്ങി തുടങ്ങുന്ന സമയം മുതൽ വിളവെടുക്കാവുന്നതാണ്.