
പ്രഭാതഭക്ഷണമായാലും അത്താഴത്തിനായാലും പുട്ട് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക മലയാളികളും. എന്നാൽ എങ്ങനെയൊക്കെ ശ്രമിച്ചാലും നല്ല മൃദുലമായ, രുചിയേറിയ, ചേരുവകൾ പാകത്തിനുമുള്ള പുട്ട് ഉണ്ടാക്കാൻ കഴിയുന്നില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. എന്നാലിനി ഈ ടെൻഷനൊന്നുമില്ലാതെ നല്ല സോഫ്റ്റായ പുട്ട് ഉണ്ടാക്കിയാലോ, അതും കൈനയാതെ, കുഴയ്ക്കാതെ?
രാവിലെ ഉണ്ടാക്കുന്ന പുട്ട് വൈകിട്ടുവരെയും നല്ല സോഫ്റ്റായിരിക്കാൻ ഈ ടിപ്പുകൾ പരീക്ഷിക്കാം. ആദ്യം ഒരു പാത്രത്തിൽ ഒന്നര ഗ്ളാസ് വെള്ളം ആവശ്യത്തിന് ഉപ്പുചേർത്ത് തിളപ്പിക്കാൻ വയ്ക്കണം. ശേഷം അതേ അളവ് ഗ്ളാസിൽ ഒരു ഗ്ളാസ് പുട്ട് പൊടിയെടുക്കണം. ഇനി വെള്ളം തിളച്ചുവരുമ്പോൾ പുട്ട് പൊടി അതിൽ ചേർത്തുകൊടുക്കാം. വെള്ളം പൊടിയേക്കാൾ കൂടിപോകാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം കൂടിപ്പോയാൽ മാവ് കട്ടപിടിക്കും. ഒരു സ്‌പൂൺ ഉപയോഗിച്ച് ഇത് നന്നായി ഇളക്കിക്കൊടുക്കണം. സ്‌പൂൺ വച്ചുതന്നെ കട്ടയൊക്കെ മാറ്റി പുട്ടുപൊടി പാകത്തിന് ആക്കിയെടുക്കണം.
നന്നായി ഇളക്കിയെടുത്ത പുട്ടുപൊടി അൽപ്പം ചോറ് ചേർത്ത് മിക്‌സിലിട്ട് പൊടിച്ചെടുക്കണം. ജാറിൽ ആദ്യം കുറച്ച് പൊടിയിട്ട് ശേഷം രണ്ട് സ്‌പൂൺ ചോറുചേർത്ത് ചെറുതായി ഒന്ന് അടിച്ചെടുക്കണം. കുറച്ചുകുറച്ചായി മാത്രമേ പൊടിച്ചെടുക്കാൻ പാടുള്ളൂ. തലേന്നുണ്ടാക്കിയ പുട്ട് ബാക്കിയിരിക്കുന്നെങ്കിൽ അതും പുട്ടുപൊടി അടിച്ചെടുക്കുമ്പോൾ ചേർത്തുകൊടുക്കാം. ഇനി തേങ്ങ ചിരകിയത് ചേർത്ത് അടിച്ചെടുത്ത പൊടി പുട്ട് കുറ്റിയിൽ നിറച്ച് വേവിച്ചെടുക്കാം. പുട്ട് പൊടിഞ്ഞുപോകാതിരിക്കാൻ പൊടി കുറ്റിയിൽ നിറയ്ക്കുമ്പോൾ നന്നായി അമർത്തി നിറയ്ക്കാം. നല്ല സോഫ്റ്റ് പുട്ട് റെഡിയായി കഴിഞ്ഞു. ആവി വന്നുകഴിയുമ്പോൾ കുറ്റിയും ചില്ലും ചെറുതായി ഒന്ന് നനച്ചുകൊടുത്താൽ പുട്ട് പൊടിഞ്ഞ് പോകാതെ കിട്ടും.