
ഭാരതീയ ജ്ഞാനപീഠ സമാനമായ സരസ്വതി സമ്മാൻ ഒരു വ്യാഴവട്ടത്തിനു ശേഷം മലയാളത്തിനു നേടിത്തന്ന പ്രഭാവർമ്മയുടെ രൗദ്രസാത്വികം എന്ന കാവ്യാഖ്യായികയുടെ
പ്രസക്തി അനാവരണം ചെയ്യുകയാണ് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാഡമി അംഗവുമായ എസ്. മഹാദേവൻതമ്പി
അധികാരവും കലയും തമ്മിലുള്ള ചിരന്തന സംഘർഷത്തെ കലാത്മകവും ദാർശനികവുമായ തലങ്ങളിൽ സർഗാത്മകമായി ആവിഷ്‌കരിക്കുന്ന കാവ്യാഖ്യായികയാണ് പ്രഭാവർമ്മയുടെ രൗദ്രസാത്വികം. രൗദ്രം, സാത്വികം എന്നീ വിരുദ്ധ ഭാവദ്യോദക പദങ്ങളെ സമന്വയിപ്പിച്ച് രൂപപ്പെടുത്തിയ ശീർഷകം പോലെതന്നെ മൗലികമാണ് 15 അദ്ധ്യായങ്ങളുള്ള ഈ കാവ്യാഖ്യായിക ആകെത്തന്നെ. കലയും അധികാരവുമെന്ന പോലെ, വ്യക്തിയും രാഷ്ട്രവും, ജനങ്ങളും അധികാരവും, സമാധാനവും അക്രമവും, നിഷ്‌കളങ്ക വൈകാരികതയും ഗൂഢ ഭരണതന്ത്രവും തുടങ്ങിയ നിരവധി ദ്വന്ദാത്മക വൈരുദ്ധ്യങ്ങളെ അനനുകരണീയമായ ഭാഷാശൈലിയിൽ, അനുപമമായ ഭാവവൈവിദ്ധ്യത്തിൽ ആവിഷ്‌കരിക്കുന്നുണ്ട് ഇതിൽ.
പൗരോഹിത്യ പശ്ചാത്തലത്തിലുള്ള ഒരു യുവകവിക്ക് മാറുന്ന ഭൗതിക - സാമൂഹിക സാഹചര്യങ്ങളിൽ നേരിടേണ്ടിവരുന്ന മനഃസംഘർഷങ്ങളിലാണ് ഇതിവൃത്തം ഇതൾ വിരിയുന്നത്. പിന്നീട് നിരന്തരമായ അലച്ചിലായും സ്വത്വാന്വേഷണമായും അത് പുതിയ മാനങ്ങളിലേക്കു പടർന്നു കയറുന്നു. നാടകീയമായ നിരവധി മുഹൂർത്തങ്ങൾ കൊണ്ട് പിരിമുറുക്കമാർന്ന കൃതിയുടെ ഇതിവൃത്തം പല ഭൂഖണ്ഡങ്ങളിലെ സഞ്ചാരങ്ങളിലൂടെയാണ് അതിന്റെ സ്വാഭാവിക പരിണതിയിലെത്തുന്നത്.
വ്യവസ്ഥിതിക്കെതിരായ പോരാട്ടം, പോരാട്ടത്തിനിടയിലെ ഒറ്റിക്കൊടുക്കപ്പെടൽ, തെറ്റിദ്ധരിക്കപ്പെട്ടുള്ള വിചാരണ, അഭയാർത്ഥിപ്രവാഹത്തിൽപ്പെട്ടുള്ള ലക്ഷ്യമറിയാത്ത സഞ്ചാരം, പല തീരദേശങ്ങളിലുണ്ടാവുന്ന അനുഭവങ്ങൾ, യഥാർത്ഥ വിപ്ലവകാരിയാകാൻ കഴിയാത്തതിലുള്ള പോരാളിയുടെ വ്യഥ, യഥാർത്ഥ ക്രിസ്ത്യാനിയാകാൻ കഴിയാത്തതിലുള്ള പുരോഹിതവ്യഥ, തന്നെ രക്ഷിക്കാനായി സ്വന്തം മകനെ പട്ടാളത്തിന്റെ ബുള്ളറ്റിന് വിട്ടുകൊടുക്കുന്ന ഒരു അമ്മയുടെ ദയനീയതയ്ക്കു മുമ്പിൽ ഇതികർത്തവ്യതാ മൂഢനായി നിൽക്കേണ്ടിവരുന്ന ഒരു ഇളം കുരുന്നിന്റെ ദൈന്യം, കുരുതിക്ക് ഓങ്ങിയ വാളിനു മുമ്പിലെ കുട്ടിയുടെ ചിരിയിൽ ഒളിഞ്ഞുനിന്ന ദർശനപരത, ജീവിതത്തെയും മരണത്തെയും വ്യാഖ്യാനിക്കുന്ന ഒരു യതിയുടെ പശ്ചാത്ദർശനം, യതിയുടെ വിരൽത്തുമ്പിലൂടെയുള്ള ഒരു ഗൃഹാതുരയാത്ര, ഒറ്റുകാരനോ രക്തസാക്ഷിയോ എന്ന് സമൂഹത്തിന് തിരിച്ചറിയാൻ കഴിയാതെ പോകുന്ന ഒരു വിപ്ലവകാരിയുടെ തിരിച്ചുവരവ്, സ്വന്തം പ്രതിമയ്ക്കു മുമ്പിൽ അസ്തപ്രജ്ഞനായി നിൽക്കേണ്ടിവരുന്ന തിരിച്ചറിവിന്റെ മുഹൂർത്തം..... എന്നിങ്ങനെ മലയാളസാഹിത്യം ഇന്നേവരെ കണ്ടിട്ടും അറിഞ്ഞിട്ടുമില്ലാത്ത ഭാവനയുടെ, സാഹിതീയതയുടെ, ദാർശനികതയുടെ, മൂല്യബോധത്തിന്റെ അജ്ഞേയ തലങ്ങളിലൂടെയാണ് ഈ കാവ്യാഖ്യായിക സഞ്ചരിക്കുന്നത്.
ഐതിഹാസിക മാനങ്ങളുള്ള ബൃഹദാഖ്യാനരീതി, സ്വപ്നാത്മക ദൃശ്യങ്ങളുടെ നിരന്തരപ്രവാഹം, നിസർഗസുന്ദരമായ കാവ്യാംശ തിളക്കങ്ങൾ, സവിശേഷമായ ബിംബവിന്യാസ രീതി, ഭാവഗീതാത്മക രചനാശൈലി തുടങ്ങി നിരവധി കാര്യങ്ങളിൽ ഈ കൃതി വേറിട്ടുനിൽക്കുന്നു. ധർമ്മം എന്തെന്നറിഞ്ഞിട്ടും അത് ജീവിതത്തിൽ ആചരിക്കാൻ കഴിയാതെ പോകുന്നതിന്റെയും, അധർമ്മം എന്താണെന്നറിഞ്ഞിട്ടും അതിൽ നിന്ന് നിവൃത്തിയാകാൻ കഴിയാതിരിക്കുന്നതിന്റെയും പരമമായ ധർമ്മസങ്കടം കടഞ്ഞുണ്ടാക്കിയ കൃതിയാണിത്. പല കാലങ്ങളിലൂടെയും പല ഭൂഖണ്ഡങ്ങളിലൂടെയും സഞ്ചരിക്കുന്നതും പുതിയ കാലപ്രമാണവും പുതിയ സ്ഥലരാശി രൂപകവും കണ്ടെത്തുന്നതുമായ വേറിട്ട കൃതിയാകുന്നു, രൗദ്രസാത്വികം.
സ്വന്തം കൂട്ടരാലും ശത്രുക്കളാലും ഒരേപോലെ വേട്ടയാടപ്പെടുന്നതിന്റെയും ന്യായീകരണം പറയാൻ അവസരമില്ലാതെ ശിക്ഷിക്കപ്പെടുന്നതിന്റെയും സ്വന്തം സ്വത്വമെന്താണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെയും വൈഷമ്യങ്ങളെ ഈ കൃതി അനാവരണം ചെയ്യുന്നു. പരീക്ഷണാത്മകതയും അനുഭവാത്മകതയും കൂടിക്കലർന്ന് ഒരു സർറിയലിസ്റ്റ് - സൈക്കഡലിക്ക് വിഭ്രാത്മകത സൃഷ്ടിക്കുന്ന ഭാവാന്തരീക്ഷം ഈ കൃതിയെ മാജിക് റിയലിസത്തിന്റെ സാങ്കേതിക തലത്തിനുമപ്പുറത്തേക്ക് ഉയർത്തിനിർത്തുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ ജീവിതസമീപനങ്ങൾ, ദർശനസവിശേഷതകൾ, ആത്മീയ മനോഭാവങ്ങൾ, ഭൗതിക വിലയിരുത്തലുകൾ എന്നിവയൊക്കെ ഇടകലർന്ന് ഇതുവരെ അറിയാത്ത ഒരു അനുഭൂതി പ്രപഞ്ചവും അനുഭവലോകവും സാക്ഷാത്ക്കരിക്കുന്നുണ്ട്, ഈ കൃതി. ജീവിതത്തിന്റെ സാരസത്തകൾ ഉൾച്ചേർന്ന മൂല്യവത്തായ ഈരടികൾ കൊണ്ടും കാവ്യഖണ്ഡങ്ങൾ കൊണ്ടും ഈ കൃതി ഒരു പ്രത്യേക കാലത്തിനു വേണ്ടിയുള്ളതല്ല, മറിച്ച് കാലാതീതമായ മനുഷ്യാവസ്ഥയ്ക്കാകെ വേണ്ടിയുള്ളതാണ്.
കവിതയെക്കുറിച്ച് വ്യക്തമായ ഒരു നിലപാടുണ്ടാവുക. മാറിവരുന്ന കാലത്തിന്റെ ഫാഷനുകളിൽ ഭ്രമിക്കാതെ അതിൽ ഉറച്ചു നിൽക്കുക. തനിക്ക് കവിത എങ്ങനെ വരുന്നുവോ, അങ്ങനെതന്നെ എഴുതുക. മാർക്കറ്റിലെ സ്വീകാര്യതയെക്കുറിച്ച് ഉൽക്കണ്ഠപ്പെടാതെ സ്വന്തം കാവ്യസ്വത്വത്തോട് സത്യസന്ധത പുലർത്തുക- ഇതാണ് പ്രഭാവർമയുടെ പ്രത്യേകത. ആ സ്വത്വബോധ സത്യസന്ധതയിൽ നൂറുകണക്കിനു ചെറുകവിതകൾ മുതൽ വലിയ കാവ്യാഖ്യായികകൾ വരെ പിറന്നു. അവ കൂട്ടായി നവീനമായ ഒരു ഭാവുകത്വത്തെത്തന്നെ രൂപപ്പെടുത്തി. അതാകട്ടെ, ദേശീയ തലത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തു. ഇതിനാണ് രൗദ്ര സാത്വികത്തിനുള്ള പുരസ്ക്കാരം അടിവരയിടുന്നത്.
കാവ്യഗംഗയുടെ
പ്രഭാ പ്രവാഹം
കവിയും ഗാനരചയിതാവും മാദ്ധ്യമ പ്രവർത്തകനുമാണ് പ്രഭാവർമ്മ. കേന്ദ്ര സാഹിത്യ അക്കാഡമി, കേരള സാഹിത്യ അക്കാഡമി, വയലാർ അവാർഡുകൾ, ആശാൻ പ്രൈസ്, വള്ളത്തോൾ - ഉള്ളൂർ സാഹിത്യ സമ്മാനങ്ങൾ, ചലച്ചിത്ര ഗാനരചനയ്ക്കുള്ള ദേശീയ പുരസ്കാരം, മൂന്ന് സംസ്ഥാന അവാർഡുകൾ, നാടക ഗാനരചനയ്ക്കുള്ള സംഗീത നാടക അക്കാഡമി അവാർഡുകൾ എന്നിവ ഉൾപ്പെടെ എഴുപതിലധികം പുരസ്കാരങ്ങൾ. ശ്യാമമാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം എന്നീ കാവ്യാഖ്യായികകൾ ഉൾപ്പെടെ പതിനഞ്ചോളം കാവ്യകൃതികൾ, എട്ട് ഗദ്യസാഹിത്യ പ്രബന്ധങ്ങൾ, കാവ്യപ്രബന്ധ സമാഹാരം, സ്മൃതിരേഖ, മാദ്ധ്യമവും സംസ്കാരവും എന്ന പഠനഗ്രന്ഥം. ഇംഗ്ലീഷിലും മലയാളത്തിലും ഓരോ നോവൽ. ഒരു തിരക്കഥയും പ്രഭാവർമയുടേതായുണ്ട്.
പ്രഭാവർമ്മയുടെ 'ഒരു ചെമ്പനീർപ്പൂവിറുത്തു ഞാനോമലേ ' എന്ന ഗാനം നിത്യഹരിത പ്രണയ ഹിറ്റ് ആണ്. നൂറുകണക്കിന് ഗാനങ്ങൾക്കു പുറമേ, കർണാടക സംഗീത കൃതികൾ, ഭരതനാട്യം - മോഹിനിയാട്ടം എന്നിവയ്ക്കുള്ള പദങ്ങൾ തുടങ്ങിയവ വേറെ. പരീക്ഷണാത്മകതയെയും അനുഭവാത്മകതയെയും സമന്വയിപ്പിക്കുന്ന ആ സവിശേഷ രചനാരീതി ഒരു ആധുനിക ഭാവുകത്വത്തിന് അടിവരയിട്ടുവെന്ന് ഒരിക്കൽ ഒ.എൻ.വി എഴുതി. ജന്മനാ കവിയാണ് പ്രഭാവർമ്മ എന്നാണ് സാഹിത്യ നിരൂപകൻ എം. കൃഷ്ണൻ നായർ 'സാഹിത്യവാരഫല'ത്തിൽ എഴുതിയത്.
പ്രഭാവർമ്മയുടെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും ചില വിദേശ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തപ്പെട്ടു.
പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ കൂടിയാണ് പ്രഭാവർമ്മ. അച്ചടി- ദൃശ്യ മാദ്ധ്യമങ്ങളിൽ ദീർഘകാലം പ്രധാന ചുമതലകൾ വഹിച്ചു. ജനറൽ റിപ്പോർട്ടിംഗിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ചേരിചേരാ സമ്മേളനം മുതൽ കോമൺവെൽത്ത് സമ്മേളനം വരെ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 'എമേർജിങ് ഡെമോക്രസീസ്' എന്ന വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ ദോഹ ഇന്റർനാഷണൽ മീറ്റിൽ പ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി നിർവാഹക സമിതി അംഗം, ജ്ഞാൻപീഠ് ജൂറി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രഭാവർമ്മ, കേന്ദ്ര സാഹിത്യ അക്കാഡമി ദക്ഷിണ മേഖലാ ബോർഡിന്റെ കൺവീനറുമായിരുന്നു.
പയ്യന്നൂർ അതിയിടത്ത് ടി.കെ നാരായണൻ നമ്പൂതിരിയുടെയും, തിരുവല്ല തുളിശാല കോയിക്കൽ എൻ. പങ്കജാക്ഷി തമ്പുരാട്ടിയുടെയും മകനായി 1959 ൽ ജനനം. 1980- ലെ സർവകലാശാലാ യുവജനോത്സവത്തിൽ കവിതയ്ക്ക് ഒന്നാം സമ്മാനം നേടിയതിനു ശേഷമിങ്ങോട്ട് മലയാള കവിതയിലെ സജീവ സാന്നിദ്ധ്യം. ഭാര്യ: ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന മനോരമ. മകൾ ജ്യോത്സ്ന. മരുമകൻ: കേണൽ കെ.വി മഹേന്ദ്ര.