excise

പരിയാരം: ഭൂമിക്കടിയിലെ രഹസ്യഅറയിൽ സൂക്ഷിച്ച 225 കുപ്പി മാഹി മദ്യം എക്‌സൈസ് പിടിച്ചെടുത്തു. യുവാവ് അറസ്റ്റിൽ. മടക്കാംപൊയിൽ സ്വദേശി പി.നന്ദു (28) ആണ് പിടിയിലായത്. ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ.ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ വിൽപ്പനക്കായി സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന മദ്യം സഹിതമാണ് നന്ദു എക്‌സൈസിന്റെ വലയിലായത്.

അന്വേഷണത്തിൽ മലയോര മേഖലയിലെ മാഹി മദ്യത്തിന്റെ ചില്ലറ, മൊത്ത വിൽപന ഇയാളുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമായതായി എക്‌സൈസ് പറഞ്ഞു. വിശദമായി ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമിക്കടിയിൽ രഹസ്യ അറയിൽ സൂക്ഷിച്ച മദ്യം കണ്ടെടുത്തത്. ആകെ 275 കുപ്പി മദ്യമാണ് എക്‌സൈസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫീസർ കെ.കെ.രാജേന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.വി.ശ്രീകാന്ത്, പി.വി.സനേഷ്, പി.സൂരജ്, എക്‌സൈസ് ഡ്രൈവർ പി.വി.അജിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഇയാളെ റിമാൻഡ് ചെയ്തു.