pan

സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് ലോറിയിൽ കേരളത്തിലേക്ക് പഞ്ചസാര ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 3600 കിലോ ഗ്രാം നിരോധിത പുകയില ഉത്പ്പന്നമായ പാൻമസാല മുത്തങ്ങയിൽ എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊള്ളാച്ചി ആണൈമലൈ ഒടയകുളം ഒ.എസ്.പി നഗറിൽ എൻ. കനകരാജി(47) നെ അറസ്റ്റ് ചെയ്തു. കർണാടകയിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു. 246 ചാക്കുകളിലായിട്ടാണ് പാൻമസാല പഞ്ചസാര ചാക്കുകൾക്കടിയിലായി ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്നത്.

ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മിഷണർ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വച്ച് പുകയില ഉത്പ്പന്നം പിടികൂടുന്നത്. വിപണിയിൽ ഇതിന് ഒന്നര കോടിയോളം രൂപ വില വരും. പുകയിലക്കടത്തിന് പിന്നിലെ മറ്റ് കൂട്ടുസംഘത്തെക്കുറിച്ച് എക്‌സൈസ് അന്വേഷണം ഊർജിതമാക്കി.

ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിർത്തി വഴി വൻതോതിൽ മയക്കുമരുന്നും, രേഖകളില്ലാതെയുള്ള പണവും കടത്തികൊണ്ടുവരാനുള്ള സാദ്ധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വി. നിഥിൻ, പ്രിവന്റീവ് ഓഫീസർ കെ.എം. ലത്തീഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം. സുരേഷ്, ആർ.സി. ബാബു എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയെയും വാഹനവും തൊണ്ടി മുതലുകളും തുടർ നടപടികൾക്കായി സുൽത്താൻ ബത്തേരി പൊലീസിന് കൈമാറി.