research

കൊച്ചി: ഭാവിയിലെ സാങ്കേതികവിദ്യകളായ നിർമ്മിത ബുദ്ധി, 5ജി, 6ജി, മെഷീൻ ലേണിംഗ്, ക്വാന്റം ടെക്നോളജീസ് എന്നീ മേഖലകളിൽ ഗവേഷണ, വികസന പ്രവർത്തനങ്ങൾ സാദ്ധ്യമാക്കുന്നതിന് പ്രതിരോധ മന്ത്രാലയം നവീന യൂണിറ്റിന് രൂപം നൽകി. പ്രതിരോധ മേഖലയ്ക്കാവശ്യമായ പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനാണ് "ദി സിഗ്നൽസ് ടെക്നോളജി ആൻഡ് അഡാപ്റ്റേഷൻ ഗ്രൂപ്പ്"(സ്റ്റീഗ്) എന്ന പേരിൽ പുതിയ വിഭാഗം ആരംഭിക്കുന്നത്. യുദ്ധ മേഖലകളിലേക്ക് പുതിയ സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ ആയുധങ്ങളും മറ്റ് പ്രതിരോധ ഉപകരണങ്ങളും സ്വകാര്യ ഗവേഷകരെ കൂടി ഉൾപ്പെടുത്തി വികസിപ്പിക്കാനാണ് സ്റ്റീഗ് ശ്രദ്ധപതിപ്പിക്കുക.

വ്യവസായ, അക്കാഡമിക് മേഖലകളിലെ പ്രമുഖരുമായി കൈകോർത്ത് പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ നവീന സാങ്കേതികവിദ്യകളിലുള്ള ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനാണ് ശ്രമമെന്ന് മുതിർന്ന കരസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.