nda

ന്യൂഡൽഹി: ബീഹാറിൽ എൻ.ഡി.എ സീറ്റ് ധാരണയായി. ബി.ജെ.പി 17 സീറ്റിലും നിതീഷ്‌കുമാറിന്റെ ജെ.ഡി.യു 16 സീറ്റിലും മത്സരിക്കും. ചിരാഗ് പസ്വാന്റെ എൽ.ജെ.പിക്ക് 5 സീറ്റ് നൽകി. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും ഉപേന്ദ്ര കുശ്‌വാഹയുടെ ആർ.എൽ.എമ്മിനും ഓരോ സീറ്റും നൽകി. ചിരാഗ് പാസ്വാന്റെ അമ്മാവൻ പശുപതി പരാസിന്റെ നേതൃത്വത്തിലുള്ള എൽ.ജെ.പിയെ തഴഞ്ഞു. ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയാണ് ഡൽഹിയിൽ സീറ്റ് ധാരണ പ്രഖ്യാപിച്ചത്.

2019ൽ 17 വീതം സീറ്റുകളിലാണ് ബി.ജെ.പിയും ജെ.ഡി.യുവും മത്സരിച്ചത്. രാംവിലാസ് പാസ്വാന്റെ എൽ.ജെ.പി മൂന്നുവർഷം മുമ്പ് പിളർന്നപ്പോൾ ബി.ജെ.പിക്കൊപ്പം നിന്നത് പശുപതി പരാസിന്റെ നേതൃത്വത്തിലുള്ള വിഭാഗമായിരുന്നു. എന്നാൽ ഇപ്പോൾ പാസ്വാന്റെ മകൻ ചിരാഗിനാണ് പൂർണ നിയന്ത്രണമെന്ന് വ്യക്തമായതോടെ പശുപതിയെ കൈവിട്ടു. ചിരാഗ് സിറ്റിംഗ് മണ്ഡലമായ ജമൂയി വിട്ട് പശുപതിയുടെ സിറ്റിംഗ് മണ്ഡലമായ ഹാജിപൂരിൽ മത്സരിച്ചേക്കും. അതേസമയം എൽ.ജെ.പിയുടെ ശക്തികേന്ദ്രമായ നവാഡ സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു. കോൺഗ്രസിന്റെ ഏക സിറ്റിംഗ് സീറ്റായ കിഷൻഗഞ്ചിൽ ജെ.ഡി.യു മത്സരിക്കും.