barca

മാഡ്രിഡ്: ഗോളടിപ്പിച്ചും അടിച്ചും കളം നിറഞ്ഞ പോളിഷ് സ്ട്രൈക്കർ റോ‌ബർട്ട് ലെവൻഡോവ്സ്കിയുടെ മികവിൽ സ്പാനിഷ് ലാലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ. ലെവൻഡോവ്സ്കിയെ കൂടാതെ ജാവോ ഫെലിക്സ്, ഫെർമിൻ ലോപസ് എന്നിവരും ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടു. ഫെലിക്സിന്റെയും ലോപസിന്റെയും ഗോളുരകൾക്ക് വഴിയൊരുക്കിയതും ലെവൻഡോവ്സ്കി ആയിരുന്നു.രണ്ടാം പകുതിയുടെ അധിക സമയത്ത് അർജന്റീനൻ റൈറ്റ് ബാക്ക് മോളിന ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് അത്‌ലറ്റിക്കോ മത്സരം പൂർത്തിയാക്കിയത്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തായ ബാഴ്സലോണയ്ക്ക് 29 മത്സരങ്ങളിൽ നിന്ന് 64 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് 74 പോയിന്റാണുള്ളത്. 55 പോയിന്റുള്ള അത്ല‌റ്റിക്കോ മാഡ്രിഡ് അഞ്ചാമതാണ്.

സ്വന്തം തട്ടകത്തിൽ ആദ്യ തോൽവി

സ്വന്തം തട്ടകമായ മെട്രൊപൊളിറ്റാനൊ സ്റ്റേഡിയത്തിൽ ഈ ലാലിഗ സീസണിൽ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ആദ്യ തോൽവിയാണിത്. ലാലിഗയിൽ സ്വന്തം മൈതാനത്ത് തോൽവി അറിയാതെയുള്ള 25 മത്സരങ്ങൾ നീണ്ട അത്‌ലറ്റിക്കോയുടെ യാത്രയ്ക്ക് കൂടിയാണ് ബാഴ്സലോണ ഫുൾസ്റ്റോപ്പിട്ടത്. ഇതിന് മുമ്പ് 2023 ജനുവരിയിലാണ് അത്ലറ്റിക്കോ മാഡ്രിഡ് മെട്രൊപൊളിറ്റാനൊയിൽ തോറ്റത്. അന്നും തോൽപ്പിച്ചത് ബാഴ്സലോണയായിരുന്നു.