g

അഹമ്മദാബാദ്: റംസാൻ മാസ രാത്രി നിസ്കാരത്തിനിടെ ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ 5 പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്യാംമ്പസിലെ ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ആഫ്രിക്ക,ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. അഞ്ചുരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഒരു കൂട്ടമാളുകൾ ക്രിക്കറ്റ്‌ ബാറ്റും കല്ലും ഉപയോഗിച്ച് വിദ്യാർത്ഥികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഹോസ്റ്റലിൽ നിസ്കാരം അനുവദിക്കില്ലെന്നും അതിന് പള്ളിയിൽ പോകണമെന്നും ആക്രോശിച്ചായിരുന്നു ആക്രമണം. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിദേശ വിദ്യാർത്ഥികളെ പുതിയ ഹോസ്റ്റലിലേക്ക് മാറ്റാനും സുരക്ഷയ്ക്ക് വിമുക്ത ഭടന്മാരെ നിയമിക്കാനും സർവകലാശാല തീരുമാനിച്ചു.