-kidnap-case

തിരുവനന്തപുരം: ആലുവയിലെ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുഹമ്മദ് റിയാസ്, അൻവർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. യുവാക്കളെ തട്ടിക്കൊണ്ടുപോകാൻ വാഹനം സംഘടിപ്പിച്ചത് ഇരുവരുടെയും നേതൃത്വത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ഗുഢാലോചനയിൽ ഇവർക്കും പങ്കുണ്ട്.

ഇന്നലെ രാവിലെ 7.10നാണ് സംഭവം നടന്നത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആഡംബര കാറിലെത്തിയ നാലംഗസംഘം മൂന്ന് യുവാക്കളെ മർദ്ദിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ദൃക്‌സാക്ഷികളാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് സമീപത്തെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവം സ്ഥിരീകരിച്ചു.

തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ എറണാകുളത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. പ്രതികളെക്കുറിച്ചും തട്ടിക്കൊണ്ട് പോയ മൂന്ന് പേരെക്കുറിച്ചും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. വാഹനം വാടകയ്ക്ക് കൊടുക്കുന്നതിലെ ഇടനിലക്കാരടക്കം രണ്ട് പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകുന്നതിനിടെ പ്രതികൾ ഗൂഗിൾ പേ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയതായും വിവരമുണ്ട്. ഇതും മൊബെെൽ ഫോണുകളും സിസിടിവികളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.