railway

തിരുവനന്തപുരം: രാജ്യത്തെ റെയില്‍വേ മേഖലയില്‍ അടിമുടി മാറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ട്രെയിനുകളുടെ ആധുനികവത്കരണത്തിന് ഒപ്പം പഴുതടച്ച സുരക്ഷയ്ക്കും മുന്തിയ പരിഗണനയെന്നതാണ് റെയില്‍വേ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലൊന്നാണ് റെയില്‍വേ ഗേറ്റുകള്‍ ഓട്ടോമാറ്റിക്ക് ആക്കുകയെന്നത്. പദ്ധതി ഇപ്പോഴിതാ കേരളത്തിലും നടപ്പിലാക്കിയിരിക്കുകയാണ്.

സംസ്ഥാനത്തെ റെയില്‍വേ ഗേറ്റുകള്‍ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുന്നു. സ്വിച്ച് ഇട്ടാല്‍ പ്രവര്‍ത്തിക്കുന്ന ഗേറ്റുകള്‍വരുമ്പോള്‍ ഗേറ്റ് കീപ്പറുടെ ശാരീരികാധ്വാനം കുറയും. റെയില്‍ ഗതാഗതത്തിലെ സുരക്ഷയും അതോടൊപ്പം വര്‍ദ്ധിക്കും.

തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകീഴിലുള്ള തുറവൂര്‍-എറണാകുളം റീച്ചില്‍ നാലുകുളങ്ങര, ടി.ഡി. റെയില്‍വേ ഗേറ്റുകളില്‍ റെയില്‍വേ ഗേറ്റ് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന സംവിധാനം നടപ്പായി. ആലപ്പുഴയിലെ തുറവൂര്‍ റെയില്‍വേസ്റ്റേഷനിലെ സിഗ്‌നലിങ് സംവിധാനവും ഓട്ടോമാറ്റിക്കായി. ദക്ഷിണ റെയില്‍വേയില്‍ മധുരയിലാണ് ഇത് ആദ്യം നടപ്പാക്കിയത്. രണ്ടാമത്തെ സ്ഥലമാണ് തുറവൂര്‍.

ഓട്ടോമാറ്റിക് ആയാലും ഏതെങ്കിലുംസാഹചര്യത്തില്‍ പ്രവര്‍ത്തനത്തിന് തകരാറുണ്ടായാല്‍ ഗേറ്റ് പഴയപടി പ്രവര്‍ത്തിപ്പിക്കാനും കഴിയും. തുറവൂരിലെ രണ്ടുഗേറ്റുകള്‍ ഓട്ടോമാറ്റിക് ആവുന്നതിനും സിഗ്‌നലിങ് സംവിധാനം നവീകരിക്കുന്നതിനും 10 കോടിയോളം രൂപ ചെലവായി.

സ്റ്റേഷനുകളിലെ സിഗ്‌നലിങ് സംവിധാനം ഓട്ടോമാറ്റിക് ആവുന്നതോടെ പരമ്പരാഗതരീതിയില്‍ സ്റ്റേഷന്‍മാസ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന സിഗ്‌നലിങ് സംവിധാനവും മാറും. ഇപ്പോള്‍ എറണാകുളം ഉള്‍പ്പെടെയുള്ള ചില സ്റ്റേഷനുകളില്‍ ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനമുണ്ട്.