
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ട്രെൻഡിംഗ് ആയ റീലാണ് താരങ്ങളുടെ കമന്റുകൾ ആവശ്യപ്പെട്ടുള്ളത്. പ്രിയപ്പെട്ട നടനോ നടിയോ കമന്റിട്ടാലേ പഠിക്കൂ അല്ലെങ്കിൽ ഭക്ഷണം കഴിക്കൂ എന്നൊക്കെയാണ് ആരാധകർ റീലിൽ പറയുന്നത്. ചില താരങ്ങൾ ഇതിന് രസകരമായ മറുപടിയും നൽകാറുണ്ട്. ഇപ്പോഴിതാ ട്രെൻഡിനൊപ്പം മോഹൻലാലും രംഗത്തെത്തിയിരിക്കുകയാണ്.
ആരോമൽ എന്ന യുവാവിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയ്ക്കാണ് മോഹൻലാൽ കമന്റ് ഇട്ടിരിക്കുന്നത്. മൂന്ന് പേർ ഇരിക്കുന്ന വീഡിയോയിൽ 'ലാലേട്ടൻ കമന്റിട്ടാൽ ഈ ബിസ്ക്കറ്റ് ഞങ്ങൾ കഴിക്കും' എന്ന് എഴുതിയിരുന്നു. മോഹൻലാലിനെ വീഡിയോയിൽ മെൻഷനും ചെയ്തിരുന്നു.

പിന്നാലെയാണ് താരം കമന്റുമായി എത്തിയത്. 'കഴിക്ക് മോനേ.. ഫ്രണ്ട്സിനും കൊടുക്കൂ' എന്നാണ് മോഹൻലാൽ കമന്റ് ഇട്ടത്. പിന്നാലെ വീഡിയോ ആരാധകർ ഏറ്റെടുത്തു. നിരവധി കമന്റും ലെെക്കും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. നിലവിൽ മോഹൻലാൽ പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള എമ്പുരാന്റെ തിരക്കിലാണ്.