asha

വനിതാ പ്രിമിയർ ലീഗ് ചാമ്പ്യന്മാരായ ആർ.സി.ബിയുടെ മലയാളി താരം ആശ എഴുതുന്നു

വാക്കുകൾ കൊണ്ട് വിവരിക്കാനാവുന്നില്ല ഇപ്പോഴത്തെ സന്തോഷം, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നെ ടീമിലുൾപ്പെടുത്തിയപ്പോൾ മുതൽ ഞാൻ കണ്ട സ്വപ്നം ... അതിന് ശേഷം സ്മൃതി മന്ഥനയെന്ന ക്യാപ്ടനൊപ്പം ഞങ്ങൾ എല്ലാവരും കണ്ട ആ മധുരക്കിനാവ് ഇതാ സത്യമായിരിക്കുന്നു. ക്രിക്കറ്റ് ലോകം മുഴുവൻ ഉറ്റുനോക്കിയ വനിതാ പ്രിമിയർ ലീഗിൽ ആർ‌.സി.ബി ചാമ്പ്യന്മാരായിരിക്കുന്നു. ആ സ്വർണ കിരീടമുയർത്തുമ്പോൾ എവറസ്റ്റിന് മുകളിലായിരുന്നു ഞങ്ങളെന്ന് തോന്നി. ഞങ്ങളുടെയെല്ലാം കണ്ണും നിറഞ്ഞു. സന്തോഷം കൊണ്ട് തുള്ളിച്ചാടി. വിരാട് കൊഹ്‌ലി സാർ വീഡിയോ കോളിൽ വന്ന് ഞങ്ങളെയെല്ലാം അഭിനന്ദിച്ചു. ഞങ്ങളുടെ വിജയം പുരുഷ ടീമിനും പ്രചോദനമാകുമെന്ന് പറഞ്ഞു. ഡ്രസിംഗ് റൂമിൽ പാട്ടും ഡാൻസുമായി വലിയ ആഘോഷമായിരുന്നു. രേണുക സിംഗ് താക്കൂറായിരുന്നു മെയിൻ ഡാൻസ‌ർ! എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. പുലർച്ചെ 3 മണിവരെ ആഘോഷം തുടർന്നു. എന്റെ പിറന്നാളിന് പിറ്റേന്നായിരുന്നു ഫൈനൽ. അതിനാൽ ഈ കിരീട നേട്ടം എനിക്ക് പിറന്നാൾ സമ്മാനം കൂടിയാണ്.

കപ്പ്, കപ്പ്

ഇത്തവണ കിരീടം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ആദ്യ പരിശീലന സെക്ഷൻ മുതൽ ഞങ്ങളെല്ലാവരും പരസ്പരം പറഞ്ഞുകൊണ്ടിരുന്നത് കപ്പെടുക്കണം എന്നായിരുന്നു. കോച്ച് ലൂക്ക് വില്ല്യംസ് എല്ലാ മീറ്റിംഗിലും ഇത്തവണ കിരീടം നമുക്ക് തന്നെയെന്ന് പറഞ്ഞുകൊണ്ടിരുന്നു. ഓരോ മത്സരത്തിനിറങ്ങുമ്പോളും എല്ലാവരുടെയും മനസിൽ കിരീടം എന്ന ലക്ഷ്യമുണ്ടായിരുന്നു. അതിനാൽ തന്നെ ഒരു മത്സരവും ഞങ്ങൾ നിസാരമായി കണ്ടില്ല. വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഫൈനൽ അവസാനത്തോട് അടുക്കുമ്പോഴൊക്കെ ഡഗൗട്ടിൽ ഞങ്ങളെല്ലാം ടെൻഷനിലായിരുന്നു എന്നത് സത്യമാണ്. എന്നാൽ ക്രീലുണ്ടായിരുന്നു എല്ലസ് പെറിയ്ക്കും റിച്ച ഘോഷിനും എന്ത് ടെൻഷൻ? ഇരുപതാം ഓവറിലെ മൂന്നാം പന്ത് റിച്ച ബൗണ്ടറിയിലേക്ക് കടത്തുമ്പോൾ ഞങ്ങൾ തുള്ളിച്ചാടി. ഞങ്ങൾ ഡബ്ലിയു.പി.എല്ലിലെ പുതിയ രാജ്ഞിമാരായിരിക്കുന്നു.

ഫാൻസിന് നന്ദി

ഈ കിരീട നേട്ടം പരിധികളില്ലാതെ ഞങ്ങളെ പിന്തുണയ്ക്കുന്ന ആരാധക‌ർക്ക് സമർപ്പിക്കുന്നു. ശരിക്കും ആർ.സി.ബിയുടെ പന്ത്രാണ്ടമൻ അവവരാണ്. എല്ലായിടത്തും അവരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നടുവിലായിരുന്നുടീം. ഡൽഹിയിലും വലിയ ജനക്കൂട്ടം പ്രോത്സാഹിപ്പിക്കാൻ ഒഴുകിയെത്തി. അവരുടെ ആരവം മുന്നോട്ട് കുതിയ്ക്കാനുള്ള ചാലക ശക്തിയായി.

ഒരു കുടുംബം

ഒരുകുടംബം പോലെയായിരുന്നു ടീം. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും ഇടപെട്ടു. സ്മൃതിയേയും എല്ലിസ് പെറിയേയും സോഫി ഡിവൈനേയും പോലുള്ള വലിയതാരങ്ങൾക്കൊന്നും ഒരു തലക്കനവുമില്ലായിരുന്നു. ഗ്രൗണ്ടിൽ നമ്മളെ സമ്മർദ്ദത്തിലാക്കാതിരിക്കാൻ അവർ പരമാവധി ശ്രമിച്ചു.സമ്മർദ്ദം അവർ‌ ഏറ്റെടുത്തി. പെറി മത്സരത്തിനിടെ എപ്പോഴും നമ്മളെ കൂളാക്കി കൃത്യമായ ഉപദേശം തരും. അതെനിക്ക് വലിയ സഹായമായി.

സമ്മർദ്ദമില്ല

പ്ലേ ഓഫിൽ നിർണായകമായ അവസാന ഓവർ ചെയ്യാമോ എന്ന് സ്മൃതി ചോദിച്ചപ്പോൾ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ് പന്ത് വാങ്ങുകയായിരുന്നു. പിന്നീട് ഞാൻ മറ്റൊന്നും ശ്രദ്ധച്ചില്ല. ബാറ്റിലും ബാളിലും മാത്രമായിരുന്നു ശ്രദ്ധ. യു.പിക്കെതിരെ അഞ്ച് വിക്കറ്റും ഹാട്രിക്കും നേടിയപ്പോഴും ഇങ്ങനെ തന്നെയായിരുന്നു. ഞാൻ ചെയ്യുമ്പോൾ എനിക്ക് ടെൻഷനില്ല. എന്നാൽ മറ്റുള്ളവർ ബാറ്റും ബാളും ചെയ്യുമ്പോൾ ചെറിയ ടെൻഷനുണ്ട്.

കഠിനാധ്വാനം

ടൂർണമെന്റിന് മുന്നോടിയായി വലിയ രീതിയിൽ പരിശീലനം നടത്തുന്നുണ്ടായിരുന്നു. ആക്കുളത്ത് എന്റെ കോച്ച് ആരോൺ ജോർജ് തോമസിന്റെ കീഴിലായിരുന്നു പ്രധാനമായും പരിശീലനം നടത്തിയത്. പിന്നീട് മൂന്ന് ദിവസം ലക്ഷ്മൺ ശിവരാമ കൃഷ്ണന്റെ കീഴിലും പരിശീലനം നടത്തി. ഇവരോട് രണ്ട് പേരോടും വലിയ കടപ്പാടുണ്ട്.

കുടുംബത്തിന്റെ വലിയ പിന്തുണ

തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ ഓട്ടോ ഡ്രൈവറായ അച്ഛൻ ജോയിയും അമ്മ ശോഭനയും ചേട്ടൻ അനൂപും ഇല്ലായ്‌മയിലും എന്നെയൊരു ക്രിക്കറ്റ് താരമാക്കാൻ ഏറെ കഷ്ടപ്പെട്ടു. പിന്നെ റെയിൽവേസിൽ മിതാലി രാജിനൊപ്പം കളിക്കാനായത് വലിയ ഭാഗ്യമാണ്. പോണ്ടിച്ചേരി ടീമിനായി കളിക്കാനും അവസരം ലഭിച്ചു. എല്ലാം അവസാനിച്ചുവെന്ന് കരുതിയിടത്ത് നിന്ന് പലപ്പോഴും തിരിച്ചുവരാനായതിന് ദൈവത്തിന് നന്ദി. മുപ്പത്തിമ്മൂന്നാം വയസിൽ ഇങ്ങനെയൊരു പ്രകടനം നടത്താനായതും ആർ.സി.ബി പോലൊരു വലിയ ടീമിൽ കളിക്കാനായതും ഇപ്പോൾ കിരീടം നേടിയതുമെല്ലാം എനിക്ക് അദ്ഭുതമാണ്. അതിനാൽ തന്നെ ഇന്ത്യൻ ജേഴ്സിയെന്ന ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ.