animals
ANIMALS

ഭുവനേശ്വര്‍: മൃഗങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതിന് മുമ്പ് ഇനി ഒന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും. വന്യ മൃഗങ്ങള്‍ക്കൊപ്പം അനുവാദമില്ലാതെ സെല്‍ഫിയെടുക്കുന്നവര്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ് ഒഡീഷ സര്‍ക്കാര്‍. ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനുവാദമില്ലാതെ വന്യമൃഗങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫി എടുക്കുന്നത്.

ഒഡീഷയിലെ പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സുഷാന്ദ് നന്ദയാണ് ഉത്തരവ് പുറത്തിറക്കിയത്. സെല്‍ഫിയെടുക്കുന്നത് മൃഗങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടി വന്യജീവി സംരക്ഷണ നിയമത്തിന് എതിരാണെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് അയച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് വ്യാപകമായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. സെല്‍ഫി മാത്രമല്ല വന്യജീവികളുടെ ചിത്രം പകര്‍ത്തുന്നതിനും കൃത്യമായ അനുമതി ഉള്‍പ്പെടെ വാങ്ങിയിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.ഫോട്ടോയെടുക്കുന്നതിനും മറ്റുമായി വന്യമൃഗങ്ങളെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

പുതിയതായി പുറത്തിറക്കിയ ഉത്തരവ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സുഷാന്ദ് നന്ദ വ്യക്തമാക്കി. അതോടൊപ്പം തന്നെ വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതിനെതിരെയും ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.

നിയമലംഘനം നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സമൂഹമാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കും. മൃഗങ്ങളുടേയും മനുഷ്യന്റേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയമം നടപ്പിലാക്കുന്നതെന്നും ഒഡീഷ സര്‍ക്കാരിനായി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.