vs-sunil-kumar

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍ കുമാറിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. സുനില്‍ കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബാസിഡറുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നും മത്സരിക്കുന്നതില്‍ നിന്ന് അതുകൊണ്ട് തന്നെ അദ്ദേഹത്തെ തടയണം എന്നുമാണ് പരാതി.

എന്‍ഡിഎ ജില്ലാ കോര്‍ഡിനേറ്ററായ അഡ്വക്കേറ്റ് രവികുമാര്‍ ഉപ്പത്താണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ടൊവിനോ യുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം സുനില്‍ കുമാര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍ താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറാണെന്നും തനിക്കൊപ്പമുള്ള ചിത്രം പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തന്റെ അറിവോടെയല്ലെന്നും നടന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സുനില്‍ കുമാര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു.

ടൊവിനോയുടെ ഒപ്പമുള്ള ഫോട്ടോ തൃശ്ശൂര്‍ പൂങ്കുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണെന്നും ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് വിഎസ് സുനില്‍ കുമാര്‍ പ്രതികരിച്ചത്. ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിന്‍വലിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സ്ഥാനാര്‍ത്ഥി തന്നെ ചിത്രം പിന്‍വലിച്ച് വിശദീകരണം നല്‍കിയിട്ടും പരാതിയുമായി എന്‍ഡിഎ മുന്നോട്ടുപോകുകയായിരുന്നു.

ടൊവിനോ തോമസ് പങ്കുവച്ച കുറിപ്പ്: 'എല്ലാ ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ക്കും എന്റെ ആശംസകള്‍' എന്ന് വ്യക്തമാക്കിയ പ്രതികരണത്തില്‍ താന്‍ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ SVEEP(Systematic Voters Education and Electoral Participation )അംബാസ്സഡര്‍ ആയതിനാല്‍ തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നു ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു'-