1

പോത്തൻകോട്: പ്രായപൂർത്തിയാകാത്ത കൊലക്കേസ് പ്രതിയെ വധിക്കാൻ ശ്രമിച്ച കേസിൽ ആറുപേരെ അറസ്റ്റുചെയ്തു. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.കരിമഠം കോളനി നിവാസികളായ യഥുകൃഷ്ണൻ (23),ഷിബിൻ (22),വിവേക് (22),​സുൽഫി (26)എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.കരിമഠംകോളനി സ്വദേശിയായ അർഷാദിനെ(19)​ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് ഇയാൾ.ജാമ്യത്തിലിറങ്ങിയ ഇയാൾ ശ്രീകാര്യത്തെ ഒരു ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.ഈ വീടിന് സമീപത്തു വച്ച് ഇക്കഴിഞ്ഞ 14ന് ഉച്ചയ്ക്ക് 1നായിരുന്നു സംഭവം.

സഹോദരിക്കൊപ്പം ബൈക്കിൽ പോകവേ മൂന്ന് ബൈക്കുകളിലെത്തിയ അക്രമിസംഘം ഈ യുവാവിനെ വെട്ടി വീഴ്ത്തുകയായിരുന്നു. പ്രതികളെല്ലാം കൊല്ലപ്പെട്ട അർഷാദിന്റെ സുഹൃത്തുക്കളാണ്. അർഷാദിനെ കൊന്നതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ദിവസം പ്രതികൾ കാര്യവട്ടത്ത് കാറിൽ സഞ്ചരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികൾ കുടുങ്ങിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത ശേഷം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.