
ഗുരുഗ്രാം: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നാണ് അഞ്ജലിയെന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ പങ്കാളി ലല്ലന്‍ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ തനിക്ക് മുട്ടക്കറി വേണമെന്ന് പറഞ്ഞെങ്കിലും അത് ഉണ്ടാക്കി നല്‍കാന്‍ അഞ്ജലി തയ്യാറായില്ലെന്നും ഇതേത്തുടര്‍ന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ലല്ലന്‍ യാദവ് പൊലീസിനോട് കുറ്റസമ്മതം നടത്തി.
കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തില്‍ അക്രമിച്ചതല്ലെന്നും മദ്യലഹരിയില്‍ പറ്റിപ്പോയതാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ബുധനാഴ്ചയാണ് സംഭവം നടന്നത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഉടമയാണ് മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചത്.
ബിഹാര്‍ സ്വദേശിയായ ലല്ലന്‍ യാദവിനേയും ഒപ്പമുണ്ടായിരുന്ന അഞ്ജലിയേയും ഗുരുഗ്രാം ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നിര്‍മാണ ജോലികള്‍ക്കായി ഇവിടേക്ക് എത്തിച്ചത്. അഞ്ജലി തന്റെ ഭാര്യയാണെന്നാണ് യുവാവ് എല്ലാവര്‍ക്കും പരിചയപ്പെടുത്തി നല്‍കിയത്. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ലിവിങ് ടുഗെദര്‍ പങ്കാളിയാണെന്ന കാര്യം ഇയാള്‍ വെളിപ്പെടുത്തിയത്.
തന്റെ ഭാര്യ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാമ്പ്കടിയേറ്റ് മരിച്ചുവെന്നും പിന്നീടാണ് താന്‍ അഞ്ജലിയെ പരിചയപ്പെട്ടതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഏഴ് മാസമായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ബെല്‍റ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.