തിരുവനന്തപുരം: കാര്യവട്ടം എൽ.എൻ.സി.പി.ഇ സിന്ത​റ്റിക് ട്റാക്കിൽ നടന്ന ദേശീയ ഓപ്പൺ 400 മീ​റ്റർ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ നോഹാ നിർമൽ ടോമിനും മയൂഖാ വിനോദിനും സ്വർണം. പുരുഷ വിഭാഗത്തിൽ നോഹാ നിർമൽ ടോം 46. 40 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സുവർണകുതിപ്പ് നടത്തിയത്. 18 വയസിൽ താഴെയുളള പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ഉഷാ സ്‌കൂൾ ഓഫ് അത്ല​റ്റിക്സിലെ മയൂഖാ വിനോദ്58.83 സെക്കൻഡിലാണ് സ്വർണത്തിലേക്ക് ഓടിയെത്തിയത്.. എ.എം എച്ച്എസ്എസ് പൂവമ്പായിയിലെ പ്ലസ് ടു വിദ്യാർഥിനിയായ മയൂഖ ശനിയാഴ്ച്ച വാർഷിക പരീക്ഷ കഴിഞ്ഞ് നേരെ തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ എത്തുകയായിരന്നു.ഇന്ന് നടക്കുന്ന കമ്പ്യൂട്ടർ സയൻസ് പരീക്ഷയെഴുതാൻ മത്സരം കഴിഞ്ഞയുടൻ മയൂഖ കോഴിക്കോട്ടേക്ക് മടങ്ങി.

നോഹാ സ്വർണം നേടിയ പുരുഷ വിഭാഗത്തിൽ കേരളത്തിന്റെ തന്നെ ഒളിമ്പ്യൻ മുഹമ്മദ് അനസ് യാഹിയ (46.48 സെക്കൻഡ്) വെള്ളിയും വി.മുഹമ്മദ് അജ്മൽ (46.58 സെക്കൻഡ്) വെങ്കലവും നേടി. 20 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്റെ സാന്ദ്റമോളും ( 55.97 സെക്കൻഡ്) ആൺകുട്ടികളുടെ വിഭാഗത്തിൽ പി.അഭിരാമും (47.77 സെക്കൻഡ്) വെങ്കലം സ്വന്തമാക്കി. അതേസമയം ഒളിമ്പിക്സ് യോഗ്യതാ മാർക്ക് ആരും കടന്നില്ല.


18 ൽ താഴെയുള്ള ആൺകുട്ടികളിൽ ബീഹാറിന്റെ പിയൂഷ് രാജ്(49.39) , 20 ൽ താഴെയുള്ളവരിൽ തമിഴ്നാടിന്റെ നവീൻ കുമാർ( 47.40) വനിതകളുടെ വിഭാഗത്തിൽ തമിഴ്നാടിന്റെ ആർ. വിദ്യാ രാംരാജ് (52.25) 20ൽ താഴെയുള്ള കാ​റ്റഗറിയിൽ തെലങ്കാനയുടെ ഡോഡ്ല സായ് സംഗീത (55.30) എന്നിവരും സുവർണ നേട്ടത്തിന് അർഹരായി.
ഒളിമ്പിക്സ് ഉൾപ്പെടെയുള്ള ലോക മത്സരങ്ങളുടെ യോഗ്യതാ മത്സരം കൂടിയായിരുന്ന ഈ മത്സരത്തിൽ നിന്ന് ആരം യോഗ്യതാ മാർക്ക് മറികടന്നില്ല