flight

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തില്‍ പറക്കല്‍ പരിശീലനം നടത്തുന്ന പൈലറ്റ് ട്രെയിനികള്‍ക്ക് ഭീഷണിയായി പക്ഷികള്‍.സംസ്ഥാനത്തെ ഏക പൈലറ്റ് പരിശീലന കേന്ദ്രമായ രാജീവ്ഗാന്ധി അക്കാഡമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജി ഫ്‌ളൈയിംഗ് അക്കാഡമിയിലെ പൈലറ്റ് ട്രെയിനികള്‍ക്ക് വിമാനത്താവളത്തിലാണ് പരിശീലനം നല്‍കുന്നത്.

റണ്‍വേയില്‍ യാത്രാവിമാനങ്ങള്‍ എത്താത്ത സമയമാണ് ട്രെയിനുകള്‍ക്കുള്ള പരീശിലനത്തിന് അനുവദിച്ചിരിക്കുന്നത്. നിലവില്‍ അക്കാഡമിയുടെ കീഴിലുള്ള സെസ്‌ന വിമാനങ്ങളും ഇരട്ട എന്‍ജിനുള്ള പൈപ്പര്‍ പി.എ34 വിമാനങ്ങളിലുമാണ് പരിശീലനം നല്‍കുന്നത്.

പരിശീലനപ്പപറക്കലിനും ലാന്‍ഡിംഗ് സമയത്തുമാണ് വിമാനങ്ങള്‍ക്ക് നേരെ പക്ഷികള്‍ കൂട്ടത്തോടെയെത്തുന്നത്. പക്ഷികള്‍ ഇടിച്ചാല്‍ വിമാനം അപകടത്തില്‍പ്പെടാനുള്ള സാദ്ധ്യതയേറെയാണ്.

പക്ഷിയിടി തടയാന്‍ നടപടിയില്ല

വിമാനത്തില്‍ പക്ഷികള്‍ ഇടിക്കുന്നത് തടയാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് അക്കാഡമി അധികൃതര്‍ സര്‍ക്കാരിനെയും നഗരസഭയെയും പലതവണ അറിയിച്ചെങ്കിലും നടപടികളില്ല. 'ബേര്‍ഡ് കെയേഴ്‌സ്' എന്ന പേരില്‍ കരാറുകാരെ നിയമിച്ച് യാത്രാവിമാനങ്ങള്‍ എത്തുന്ന സമയത്ത് ഒരു പരിധിവരെ പക്ഷികളെ തുരത്താറുണ്ടെങ്കിലും പരിശീലന വിമാനങ്ങള്‍ പറക്കുന്ന സമയത്ത് ഇവരുടെ സേവനം വേണ്ടത്രയുണ്ടാകാറില്ലെന്ന് ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ പക്ഷിയിടിച്ചിരുന്നു. ലക്ഷങ്ങള്‍ മുടക്കി പരിശീലനത്തിനെത്തുന്ന ട്രെയിനികള്‍ക്ക് പക്ഷിശല്യം കാരണം വേണ്ടവിധം പരിശീലനം നടത്താന്‍ പലപ്പോഴും കഴിയാത്ത സ്ഥിതിയാണ്. മൂന്ന് വര്‍ഷമാണ് പൈലറ്റ് പരിശീലന പഠന കാലാവധി. രണ്ടുവര്‍ഷം കഴിയുമ്പോള്‍ പ്രൈവറ്റ് പൈലറ്റ് ലൈസന്‍സും തുടര്‍ന്ന് കൊമേഴ്‌സ്യല്‍ ലൈസന്‍സും നല്‍കും.അഞ്ച് ഘട്ടങ്ങളിലായി 200 മണിക്കൂര്‍ പറന്നുള്ള പരിചയം നേടിയാലേ പൈലറ്റ് ലൈസന്‍സ് ലഭിക്കൂ. 30 ലക്ഷം രൂപയാണ് ആകെ ഫീസ്.