
തിരുവനന്തപുരം: നഗരമേഖലകളിലെ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ അതിവേഗം ലഭ്യമാക്കാൻ പുതുവർഷത്തിൽ നടപ്പാക്കിയ ഓൺലൈൻ സംവിധാനത്തിലെ തകരാറുകൾ രണ്ടുമാസം പിന്നിട്ടിട്ടും പരിഹരിച്ചില്ല. ജനന,മരണ,വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് തടസമില്ല.എന്നാൽ, കെട്ടിടനിർമ്മാണ പെർമിറ്റ് മുതൽ നികുതി അടയ്ക്കൽ വരെ പ്രതിസന്ധിയിലാണ്. സ്വയം സാക്ഷ്യപ്പെടുത്തിയ പെർമിറ്റുകൾക്ക് ഫീസ് അടയ്‌ക്കൽ, പ്ലാനുകളുടെ അപാകത പരിഹരിക്കൽ തുടങ്ങിയ സേവനങ്ങളും ലഭിക്കാത്ത സ്ഥിതിയാണ്.
പെർമിറ്റുകളിൽ കെട്ടിട ഉടമയുടെ ഒപ്പില്ലെന്ന കാരണത്താൽ ബാങ്കുകൾ വായ്പ നിഷേധിക്കുന്നു. ലൈസൻസിയും ഉടമയും ചേർന്ന് അപേക്ഷ സമർപ്പിക്കുമ്പോൾ ഇരുവരുടെയും ഒപ്പും സ്കാൻ ചെയ്തു നൽകും. പെർമിറ്റ് ലഭിക്കുമ്പോൾ ലൈസൻസിയുടെ ഒപ്പും കെട്ടിട ഉടമയുടെ ആധാർ നമ്പരും മാത്രമാണുള്ളത്. ഉദ്യോഗസ്ഥന്റെ ഡിജിറ്റൽ സിഗ്നേച്ചർ ഇല്ലെന്നും ആക്ഷേപമുണ്ട്.
അപേക്ഷ വഴിതെറ്റുന്നു, ഉടമകൾ മാറിമറിയുന്നു
ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കേണ്ട അപേക്ഷകൾ മറ്റെവിടേക്കെങ്കിലും പോകുന്നു.
സോണൽ ഓഫീസുകൾ മാറിയെത്തുന്നു.
അപേക്ഷകളുടെ നിജസ്ഥിതി അറിയാൻ കഴിയുന്നില്ല
വീടുകളുടെ നമ്പരും ഉടമകളുടെ പേരുകളും മാറിപ്പോകുന്നു
നേരത്തെ അടച്ച നികുതി വിവരങ്ങൾ ലഭ്യമല്ല.
കൂട്ടിച്ചേർത്ത നിർമ്മാണത്തിന് പുതിയ ടി.സി നൽകാനാകില്ല, പഴയ ടി.സി ഉൾപ്പെടെ റദ്ദായി പുതിയതാകുന്നു
വ്യാപാര, വാണിജ്യ ലൈസൻസുകൾ പുതുക്കാൻ കഴിയുന്നില്ല.
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തര നടപടി വേണം. -കവടിയാർ ഹരികുമാർ, പ്രസിഡന്റ് ഓൾ കേരള ബിൾഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ
5.44ലക്ഷം ഫയലുകളിൽ 3.15എണ്ണവും തീർപ്പാക്കി.നല്ല രീതിയിൽ സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനം പുരോഗമിക്കുന്നു. പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നുണ്ട്. -ഡോ.സന്തോഷ് ബാബു, ചീഫ് മിഷൻ ഡയറക്ടർ, ഇൻഫർമേഷൻ കേരള മിഷൻ