reshma

കൊല്ലം: സ്വർണ ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. കൊല്ലം തേവലക്കര കരീച്ചികിഴക്ക​തിൽ രേഷ്മയാണ് (25) കരുനാഗ​പ്പ​ള്ളി പൊലീസിന്റെ പിടിയിലായത്. തൊടിയൂർ സ്വദേശിയായ അമ്പിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എ​ന്നിവ​രെയുമാണ് രേഷ്മ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്.

താലിപൂജ നടത്തിയാൽ സ്വർണ ചേന ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി 32 ലക്ഷം രൂപയും 60.5 പവൻ സ്വർണവുമാണ് യുവതി തട്ടിയെടുത്തത്. 2023 ഫെബ്രുവരി മുതൽ പല തവണകളായി താലിപൂജയ്‌​ക്കെന്ന വ്യാജേന പണവും സ്വർണവും കൈപ്പറ്റിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും സ്വർണ ചേന ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്.

തുടർന്ന് അമ്പിളി കരുനാഗപ്പ​ള​ളി പൊലീ​സ് സ്‌റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നട​ത്തിയ പൊലീസ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പ് നടത്താൻ രേ​ഷ്​മയെ സഹായിച്ചവർക്കായി തെരച്ചിൽ ആരംഭിച്ചു.

കരുനാഗ​പ്പ​ള്ളി പൊലീസ് ഇൻസ്‌​പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കലാധരൻപിള്ള, ഷാജിമോൻ, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്, സി.പി.ഒ ഷാലു എന്നിരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.