
പോക്കറ്റടി ശീലമുള്ള ഒരു പയ്യനുണ്ടായിരുന്നു. മകന്റെ ഈ ദുശ്ശീലത്തെക്കുറിച്ച് അമ്മയ്ക്ക് വലിയ വിഷമമായി. മകൻ ഒരു ബസ്സ് യാത്രക്കാരന്റെ പോക്കറ്റടിച്ചപ്പോൾ അടുത്ത ക്ഷേത്രത്തിലെ പൂജാരിയുടെ അടുത്തു ചെന്ന് കുറ്റം ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കാൻ അമ്മ ഉപദേശിച്ചു. പിറ്റേന്ന് മകൻ പൂജാരിയുടെ അടുത്തു ചെന്ന് പറഞ്ഞു, തിരുമേനീ... ഞാൻ ഇന്നലെ ഒരു തെറ്റു ചെയ്തു- ഒരു യാത്രക്കാരന്റെ പഴ്സ് മോഷ്ടിച്ചു. പൂജാരി പറഞ്ഞു: 'നീ ചെയ്തത് വലിയ അപരാധമായിപ്പോയി. ഉടൻ ബസ് കണ്ടക്ടറെക്കണ്ട് പഴ്സ് തിരികെ കൊടുത്ത് മാപ്പപേക്ഷിക്കൂ." പയ്യൻ അപ്രകാരം ചെയ്തു.
അന്നു രാത്രി അമ്മ നോക്കുമ്പോൾ മകൻ കുറെ നോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു. പണം എങ്ങനെ കിട്ടിയെന്ന് ചോദിച്ചപ്പോൾ മകൻ പറഞ്ഞു: 'കുറ്റം ഏറ്റു പറയാൻ ചെന്ന സമയം പൂജാരിയുടെ പെട്ടിയിൽ നിന്ന് ഞാൻ അടിച്ചെടുത്തതാണ്!" ഇതുപോലെയാകരുത് നമ്മുടെ തെറ്റുതിരുത്തൽ. അത് ആത്മാർത്ഥമാകണം. തെറ്റുപറ്റുക മനുഷ്യസഹജമാണ്. ജീവിതത്തിൽ തെറ്റുപറ്റാത്തവരോ തെറ്റു ചെയ്യാത്തവരോ ആയി ആരുമുണ്ടാവില്ല. ചെയ്യരുതാത്തത് ചെയ്യുന്നതു മാത്രമല്ല, ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും തെറ്റു തന്നെയാണ്. തെറ്റിനെക്കുറിച്ച് ബോധമില്ലാത്തതിനാൽ തെറ്റു ചെയ്യുന്നവരുണ്ടാകാം. സാഹചര്യത്തിന്റെ സമ്മർദ്ദത്താൽ തെറ്റു ചെയ്തു പോകുന്നവരുമുണ്ടാകാം.
ഏതായാലും തെറ്റു തിരുത്തുവാനുള്ള ആദ്യപടി, അതു തെറ്റാണെന്ന് തിരിച്ചറിയുകയാണ്. തെറ്റു ബോദ്ധ്യമായാൽ അതിൽ പശ്ചാത്തപിക്കണം. പശ്ചാത്താപം തന്നെ ഒരു തരം പ്രായശ്ചിത്തമാണ്. തിരുത്താൻ കഴിയുന്ന തെറ്റാണെങ്കിൽ അത് തിരുത്തുകയാണ് ആദ്യം വേണ്ടത്. മാത്രമല്ല, ആ തെറ്റ് പിന്നീടൊരിക്കലും ആവർത്തിക്കാതിരിക്കാൻ ദൃഢനിശ്ചയമെടുക്കണം. പശ്ചാത്താപത്തിന്റെ കണ്ണുനീരിന് കഴുകിക്കളയുവാൻ കഴിയാത്ത പാപങ്ങളില്ല. മനസ്സിലെ ഭാരം ഇറക്കിവയ്ക്കാനും മനസ്സിനെ ശുദ്ധീകരിക്കുവാനും കർമ്മഫലത്തിന്റെ ശക്തി കുറയ്ക്കുവാനും പശ്ചാത്താപത്തിലൂടെ സാദ്ധ്യമാകും.
എന്നാൽ ശരിയേതെന്ന് അറിഞ്ഞു കഴിഞ്ഞാൽ തെറ്റ് ആവർത്തിക്കരുത്. പെൻസിലിന്റെ മുകളിലത്തെ അറ്റത്ത് ഒരു റബ്ബർ പിടിപ്പിച്ചിട്ടുണ്ടാകും. എഴുതുന്ന തെറ്റുകൾ മായ്ക്കാനാണ് അത്. എന്നാൽ ഒരേ സ്ഥലത്ത് പിന്നെയും പിന്നെയും തെറ്റെഴുതി മായ്ച്ചാൽ പേപ്പർ തന്നെ കീറിപ്പോകും. അതിനാൽ പശ്ചാത്താപം ആത്മാർത്ഥമായിരിക്കണം.
അറിവില്ലാതെ ചെയ്യുന്ന തെറ്റ് ഈശ്വരൻ ക്ഷമിക്കും. എന്നാൽ തെറ്റ് ആവർത്തിച്ചു കൊണ്ടിരുന്നാൽ ക്ഷമിക്കില്ല. മനുഷ്യജീവിതം തന്നെ തെറ്റിൽനിന്ന് ശരിയിലേക്കുള്ള ഒരു യാത്രയാണ്. ഓരോ ചിന്തയും വാക്കും പ്രവൃത്തിയും നന്മ നിറഞ്ഞതായിരിക്കാൻ ശ്രദ്ധിക്കണം.
നമ്മൾ ഓരോ തെറ്റു ചെയ്യുമ്പോഴും നമ്മുടെയുള്ളിൽ നിന്ന് മനഃസാക്ഷി 'അരുതേ, ഇതു ചെയ്യരുതേ" എന്ന് മൃദുവായി മന്ത്രിക്കുന്നുണ്ട്. മനഃസാക്ഷിയുടെ ആ ശബ്ദത്തിനു ചെവികൊടുത്താൽ നമ്മൾ തെറ്റിലേക്കു പോകില്ല. നിസ്സാര തെറ്റു പറ്റിയാൽപ്പോലും പശ്ചാത്തപിച്ച്, തെറ്റു തിരുത്തി മുന്നോട്ടു പോകണം. ശാശ്വത സുഖത്തിലേക്കും ശാന്തിയിലേക്കുമുള്ള മാർഗം അതാണ്.