
മരണങ്ങളുടെ താഴ്വരയെന്ന് അറിയപ്പെടുന്ന ഓകിഗഹാരയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ജപ്പാനിലാണ് ഓകിഗഹാര വനം. ഹോൺഷു ദ്വീപിലെ ഫുജി പർവതത്തിന് വടക്കുപടിഞ്ഞാറൻ ഭാഗത്ത് 30 ചതുരശ്ര കിലോമീറ്രർ വിസ്തൃതിയിലാണ് ഓകിഗഹാര വനപ്രദേശം. The Sea of Trees എന്നും ഈ വനം അറിയപ്പെടുന്നു. ധാരളം ആളുകൾ ഈ സ്ഥലത്തെ ആത്മഹത്യ ചെയ്യാൻ തിരഞ്ഞെടുക്കുന്നതിനാൽ സൂയിസൈഡ് ഫോറസ്റ്റ് എന്നും അറിയപ്പെടുന്നു. 1960 മുതലാണ് ഈ പ്രദേശം ആത്മഹത്യകളുടെ പേരിൽ കുപ്രസിദ്ധി നേടിയത്. ഓരോ വർഷവും നൂറിലധികം പേർ ഇവിടെ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. അതേസമയം, വിനോദസഞ്ചരികളുടെ പ്രിയപ്പെട്ട ഇടവുമാണ് ഓകിഗഹാര. എന്നാൽ, ജപ്പാൻ സർക്കാർ ഈ പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ല.
അസ്വസ്ഥമായ മനസോടുകൂടി ഈ വനത്തിൽ പ്രവേശിച്ചാൽ മരിക്കണമെന്ന് തോന്നുമത്രേ! ഏതോ അദൃശ്യ ശക്തി മനസിനെ നിയന്ത്രിച്ച്, ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ കാടിനകത്ത് മൊബൈൽ ഫോണോ ദിശയറിയാനുള്ള വടക്കുനോക്കി യന്ത്രമോ ഒന്നും പ്രവർത്തിക്കില്ല. അതുകൊണ്ടുതന്നെ വനത്തിനകത്ത് അകപ്പെട്ടാൽ പുറത്തു കടക്കുക വളരെ ബുദ്ധിമുട്ടാണ്. വനമേഖലയായതുകൊണ്ടു തന്നെ, മരക്കൊമ്പുകളിൽ ജീവനൊടുക്കുന്നവരാണ് അധികം. എന്നാൽ, ആത്മഹത്യ ചെയ്യുന്നവരുടെയെല്ലാം കാലുകൾ നിലത്തു മുട്ടിയിരിക്കുന്നതിന്റെ രഹസ്യമെന്തെന്നത് ദുരൂഹം. ഇങ്ങനെ, ചുരുളഴിയാത്ത നിരവധി നിഗൂഢതകളുമായി ഇന്നും ഓകിഗഹാര മരണക്കുരുക്കുമായി കാത്തിരിക്കുന്നു.
ജപ്പാനീസ് പുരാണങ്ങളിൽ യൂറോയുടെ ഭവനമെന്ന നിലയിലാണ് ഈ വനം അറിയപ്പെടുന്നത്. മദ്ധ്യകാലഘട്ടത്തിൽ പ്രായമായവരെയും നവജാത ശിശുക്കളെയും സംരക്ഷിക്കാൻ നിവൃത്തിയില്ലാത്ത കർഷകർ അവരെ ഈ വനത്തിൽ കൊണ്ടുപോയി മരണത്തിന് വിട്ടുകൊടുത്തിരുന്നതായും പറയുന്നു. നിരവധി സിനിമകൾക്കും നോവലുകൾക്കും ഓകിഗഹാര പശ്ചാത്തലമായിട്ടുണ്ട്. ജാപ്പനീസ് നോവലിസ്റ്റ് സെയ്ചോ മാറ്റ്സുമോട്ടോ 1961-ൽ രചിച്ച 'നമി നോ ട്ടോ" എന്ന നോവലാണ് ഓകിഗഹാരയുടെ ജനപ്രീതിയിൽ പ്രധാന പങ്കു വഹിച്ചത്. 2016- ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമായ 'ദി ഫോറസ്റ്റിന്" പശ്ചാത്തലമായതും ഓകിഗഹാര തന്നെ. നാടകകൃത്തായ ക്രിസ്റ്റിൻ ഹരുണ ലീ 'സൂയിസൈഡ് ഫോറസ്റ്റ്" എന്ന നാടകം എഴുതിയപ്പോഴും ഓകിഗഹാരയെ പശ്ചാത്തലമാക്കി.