
ദുബായ്: യുഎഇയിലുള്ള ഇന്ത്യൻ പ്രവാസികളും എമിറാത്തികളും പാകിസ്ഥാനികളും കഴിഞ്ഞ ദിവസം തങ്ങളുടെ സ്മാർട്ട് ഫോണിലേക്ക് വന്ന ഒരു സന്ദേശം കണ്ട് അമ്പരന്നു. ഇന്ത്യൻ നമ്പറിൽ നിന്നുവന്ന ഈ സന്ദേശം ശരിക്കും എല്ലാവരെയും ഞെട്ടിച്ചു. പിഡിഎഫ് രൂപത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു കത്തിനൊപ്പം കേന്ദ്ര സർക്കാരിന്റെ പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ചുള്ള പ്രതികരണങ്ങളും നിർദ്ദേശങ്ങളും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിൽ 2024 ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസമാണ് മിക്കയാളുകൾക്കും പ്രധാനമന്ത്രിയുടെ ഈ സന്ദേശം എത്തിയത്. സമൃദ്ധവും വികസിതവുമായ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള ആശയങ്ങളും നിർദ്ദേശങ്ങളും പിന്തുണയും സ്വീകരിക്കേണ്ടതിന്റെ ആവശ്യമാണ് പ്രധാനമന്ത്രി സന്ദേശത്തിൽ പ്രകടിപ്പിച്ചത്. അപ്രതീക്ഷിതമായി ഈ സന്ദേശം പ്രവാസികൾക്കടക്കം എത്തിയതോടെ കുറച്ചു പേർ ശരിക്കും ഞെട്ടി.
എന്നാൽ യുഎഇയിലുള്ള ഇന്ത്യക്കാരല്ലാത്തവർക്കും ഈ സന്ദേശം എത്തിയിരുന്നു. ഈ സന്ദേശം തങ്ങൾക്ക് എന്തിനാണ് വന്നതെന്ന് അവർക്ക് ഇതുവരെ മനസിലായിട്ടില്ല. ഇതിനിടെ, ദുബായ് ആസ്ഥാനമായുള്ള പാകിസ്ഥാൻ മാദ്ധ്യമപ്രവർത്തകയായ അസ്മ സെയ്ൻ സന്ദേശം ലഭിച്ചതിന് പിന്നാലെ അതിന്റെ പ്രസക്തിയെക്കുറിച്ച് പരിഭ്രാന്തി പ്രകടിപ്പിച്ചു. 'അർദ്ധ രാത്രിയാണ് അവർക്ക് സന്ദേശം ലഭിച്ചത്. ഞാൻ ശരിക്കും അമ്പരന്നു. മോദിക്ക് എന്റെ അടുത്ത് നിന്ന് എന്ത് നിർദ്ദേശമാണ് വേണ്ടത്. ഇനി ഞാൻ എന്തെങ്കിലും നിർദ്ദേശം നൽകേണ്ടതുണ്ടോ? - അസ്മ സെയ്ൻ ചോദിച്ചു.
മറ്റൊരു പാകിസ്ഥാനിയായ ഫഹദ് സിദ്ദിഖി ദീർഘനാളായി ഉപയോഗിച്ചിരുന്ന എത്തിസലാത്ത് നമ്പറിൽ സന്ദേശം ലഭിച്ചതായി പറഞ്ഞു. മോദിയുടെ സന്ദേശം വിചിത്രമായി തോന്നിയെന്നാണ് ഫഹദ് സിദ്ദിഖി പ്രതികരിച്ചത്. അതുപോലെ, അടുത്തിടെ ജോലിക്കായി ഇന്ത്യയിലേക്ക് പോയ ദുബായിലെ ഒരു ബ്രിട്ടീഷുകാരന് ഇതേ സന്ദേശം ലഭിച്ചതായി വെളിപ്പെടുത്തി. ആദ്യം ഒരു പ്രൊഫഷണൽ സന്ദേശമാണെന്നാണ് കരുതിയത്. എന്നാൽ പിന്നീട് തുറന്നു നോക്കിയപ്പോഴാണ് ഇത് മോദിയുടെ സന്ദേശമാണെന്ന് മനസിലായതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഒട്ടേറെ എമിറാത്തികൾക്കും ഇത്തരത്തിൽ സന്ദേശം ലഭിച്ചെന്നാണ് ഗൾഫ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.