
ഗാനമായും ഈണമായും നടനമായും ജി.വി.പ്രകാശ് കുമാർ
അമ്മ വഴിയും അമ്മാവൻ വഴിയുമാണ് ജി.വി. പ്രകാശ് കുമാറിന്റെ പാട്ടു ബന്ധം. സിനിമ കണ്ടു കണ്ട് അഭിനയ ബന്ധം. എ.ആർ. റഹ്മാന്റെ മൂത്ത സഹോദരി എ.ആർ. റെയ്ഹാനയുടെ മകൻ നാളെ തമിഴ് സിനിമ ലോകത്ത് പാട്ടും ഈണവും നിറയ്ക്കുമെന്ന് ഉറപ്പായിരുന്നു.
അമ്മയുടെയും അമ്മാവന്റെയും പാട്ട് കേട്ട് വളർന്നതാണ് ബാല്യം. പാട്ടിനോട് കൂട്ടു ചേർന്ന മനോഹര യാത്രയിൽ സൂര്യ - സുധ കൊങ്കര ചിത്രം സൂരറൈ പോട്ര് ദേശീയ അംഗീകാരം സമ്മാനിച്ചു. സൂര്യയും സുധ കൊങ്കരയും വീണ്ടും ഒരുമിക്കുന്ന സിനിമ ജി.വി. പ്രകാശ് കുമാറിന്റെ 100-ാമത്തെ ചിത്രമായി മാറുന്നതാണ് അടുത്ത സീൻ. എ.ആർ. റഹമാനും അനിരുദ്ധ് രവിചന്ദറും കളം നിറയ്ക്കുന്ന തമിഴ് സിനിമ സംഗീത ലോകത്ത് ജി.വി. പ്രകാശ് കുമാർ വ്യത്യസ്തനാണ്. ശുദ്ധമായ തമിഴ് സംഗീതവും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ഈണവും നിറച്ച് യാത്ര.
സംഗീത വഴിയിൽ ഇളയരാജയുടെ ഈണത്തിനോട് കൂട്ടു ചേരുന്നതാണ് ജി.വി. പ്രകാശ് കുമാറിന്റെ പാട്ടുകൾ എന്നു വിലയിരുത്തുന്നവരാണ് ഏറെ. ചുണ്ടിൽനിന്ന് പോകാതെ നിൽക്കുന്ന പാട്ടുകൾ ഒന്നിനു പിറകെ ഒന്നായി ജി.വിയുടെ 'പാട്ടുഫാക്ടറി"യിൽ പിറക്കുന്നു.
പാട്ടുകാരന്റെ
ജനനം
ഷങ്കർ സംവിധാനം ചെയ്ത ജെന്റിൽമാൻ സിനിമയിൽ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ പിറന്ന ചിക്കു ബുക്കു റായിലേ... എന്ന ഗാനത്തിൽ കേട്ട കൊച്ചു കുട്ടിയുടെ ശബ്ദമാണ് വെള്ളിത്തിരയിൽ ആദ്യമായി ഉയരുന്ന ജി.വി. പ്രകാശ് കുമാർ നാദം.
1993ൽ ജെന്റിൽമാൻ ചരിത്ര വിജയം നേടുന്നതിന് മുൻപേ ജി.വി. പ്രകാശ് കുമാറിനെ ഷങ്കർ ശ്രദ്ധിച്ചു. ഷങ്കർ നിർമ്മിച്ച വസന്തബാലൻ സംവിധാനം ചെയ്ത വെയിൽ സിനിമയിലൂടെ സംഗീത സംവിധായകന്റെ കുപ്പായം. വെയിലിലെ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റ്. വെയിലോട് വിളയാട് എന്ന ഗാനം തമിഴകത്തിന്റെ നെഞ്ചിൽ നിന്ന് ഇറങ്ങി പോവാതെ നിൽക്കുന്നു. വെയിലിൽ നിന്ന് ആരംഭിച്ച യാത്രയാണ് സെഞ്ച്വറിയിൽ നിൽക്കുന്നത്. മദ്രാസിപട്ടണം, ആടുകളം, ആയിരത്തിൽ ഒരുവൻ, തെരി, അസുരൻ, മാർക്ക് ആന്റണി, അങ്ങാടി തെരു, സൂരറൈ പോട്ര്, ക്യാപ്ടൻ മില്ലർ തുടങ്ങി കലാപരമായും സാമ്പത്തികപരമായും നേട്ടം കൊയ്ത ചിത്രങ്ങളിലെല്ലാം ജി.വി. പ്രകാശ് കുമാറിന്റെ ആഴത്തിൽ പതിഞ്ഞ ഈണമുണ്ട്. ഹിന്ദിയിലും സാന്നിദ്ധ്യം . ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലും സംഗീതം.പാ രഞ്ജിത്ത് - വിക്രം ചിത്രം തങ്കാലനിലും ജി.വി. പ്രകാശ് കുമാറിന്റെ സംഗീതം അലയടിക്കാൻ പോകുന്നു .എസ്. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വിക്രം ചിത്രം നൂറ്റിഒന്നാമത്തെ സിനിമയാകാനാണ് ഒരുങ്ങുന്നത്. വിജയ്, സൂര്യ, അജിത്ത്, വിക്രം, ധനുഷ്, കാർത്തി എന്നീ താരങ്ങളുടെ പ്രിയ ഈണക്കാരൻ എന്ന വിശേഷണം ജി. വി. പ്രകാശ് കുമാറിന് സ്വന്തം.സഹോദരി ഭവാനി ശ്രീ നടിയും ഗായികയും.
റൊമാന്റിക്
നായകൻ
ഡാർലിംഗിൽ നിന്ന് റിബൽ എന്ന സിനിമയിലേക്ക് എത്തിയ നായക യാത്ര പത്തു വർഷത്തിലേക്ക് കയറുന്നു. ജി. വി. പ്രകാശ് കുമാറിന്റെ നായികയായി മമിത ബൈജു തമിഴ് അരങ്ങേറ്റം നടത്തുന്ന റിബൽ തിയേറ്രറിലുണ്ട്.
പാട്ടിലും ഈണത്തിലും വേറിട്ട വഴിയിലെ യാത്ര തന്നെയാണ് അഭിനയത്തിലും. റൊമാന്റിക് ഹീറോകളാണ് ജി.വി. പ്രകാശ് കുമാറിന്റെ നായകൻമാർ.
ഒരു ജി.വി. പ്രകാശ് കുമാർ സ്റ്റൈൽ കൊണ്ടു വരാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നു.13 പ്ലസ്, ഡിയർ, കൽവൻ, ഇടിമുഴക്കം എന്നീ ചിത്രങ്ങളിലും നായക വേഷം. പാട്ടിന്റെ വഴിയിൽ നിന്നാണ് പ്രിയ പാതി സൈന്ധവി. നീണ്ട സൗഹൃദവും പ്രണയവും നിറഞ്ഞ കാലത്തുത്തന്നെ ഇരുവരും ഒരുമിച്ച് മെലഡികൾ തീർത്തിരുന്നു. ഏകമകൾ അൻവി പാടി തുടങ്ങിയില്ല.