self-driving

കൊച്ചി: ഇന്ത്യൻ വിപണിയിൽ ആദ്യമായി ഡ്രൈവർ ഇടപെടലില്ലാത്ത(സെൽഫ് ഡ്രൈവിംഗ്) ട്രക്കുകൾ പുറത്തിറക്കാൻ പ്രമുഖ വാഹന നിർമ്മാതാക്കളായ അശോക് ലൈലാൻഡും നിർമ്മിത ബുദ്ധി രംഗത്തെ മുൻനിരക്കാരായ ബാംഗളൂരുവിലെ സ്റ്റാർട്ടപ്പ് കമ്പനിയായ മൈനസ് സീറോയും കൈകോർക്കുന്നു. തുടക്കത്തിൽ തുറമുഖങ്ങൾ, വൻകിട ഫാക്ടറികൾ, കോർപ്പറേറ്റ് കാമ്പസുകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ട്രക്കുകളാണ് പുറത്തിറക്കുക. അതേസമയം പുതിയ വാഹനം എപ്പോഴാണ് വിപണിയിലെത്തുകയെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.

പുറംഇടപെടലുകൾ കൂടാതെ ഓടുന്ന വണ്ടികളുടെ മേഖലയിൽ വിപ്ളവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനാണ് അശാേക് ലൈലാൻഡ് ലക്ഷ്യമിടുന്നത്. തുറമുഖങ്ങളിൽ ഉപയോഗിക്കുന്നതിനായി ഡ്രൈവറില്ലാത്ത ഇലക്ട്രിക് ട്രക്കുകൾ നിർമ്മിക്കുന്നതിന് ലണ്ടനിലെ എ.ഐഡ്രൈവേഴ്സുമായി അശോക് ലൈലാൻഡ് കരാറിൽ ഒപ്പുവെച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ദേശീയ ലോജിസ്റ്റിക് നയത്തിന്റെ ഭാഗമായി തുറമുഖങ്ങളിലെ കയറ്റ്, ഇറക്ക് ചെലവുകൾ ഗണ്യമായി കുറയ്ക്കുന്നതിനാണ് സെൽഫ് ഡ്രൈവിംഗ് കാറുകൾ പുറത്തിറക്കുന്നതെന്ന് അശോക് ലൈലാൻഡ് ചീഫ് ടെക്നോളജി ഓഫീസർ എൻ. ശരവണൻ പറഞ്ഞു.