
ചെന്നൈ: കോയമ്പത്തൂരിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിനെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. കുട്ടികൾക്കൊപ്പം പോയ അദ്ധ്യാപകർക്കും ഹെഡ്മാസ്റ്റർക്കുമെതിരെ നടപടിയെടുക്കാനാണ് നിർദേശം.
സംഭവത്തിൽ ഇരുപത്തിനാല് മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡിഇഒ നിർദേശം നൽകി. മോദിയുടെ റോഡ് ഷോയ്ക്കിടെ സായ്ബാബ കോളനി ജംഗ്ഷനിൽ ഹനുമാൻ വേഷത്തിലും സ്‌കൂൾ യൂണിഫോമിലും കുട്ടികളെ കണ്ടതാണ് വിവാദമായത്.
അൻപതോളം വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. എന്തുകൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് ചോദിച്ചപ്പോൾ സ്‌കൂളിലെ അധികൃതർ പറഞ്ഞതുകൊണ്ടാണെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ആ മുത്തരസൻ പ്രതികരിച്ചു. കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ നിർദേശം നൽകിയിരുന്നു.