
വെറുതെ കളയുന്ന പല സാധനങ്ങൾക്കും ചിലപ്പോൾ നിങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഗുണങ്ങളായിരിക്കും ഉണ്ടാകുക. അത്തരത്തിലൊന്നാണ് കഞ്ഞിവെള്ളം. പ്രോട്ടീനുകളാലും കാർബോ ഹൈഡ്രേറ്റുകളാലും സമ്പന്നമാണ് കഞ്ഞിവെള്ളം.
ചർമ പ്രശ്നങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കഞ്ഞിവെള്ളത്തിലുണ്ട്. പതിവായി കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാൽ തിളക്കമുള്ള ചർമം സ്വന്തമാക്കാം. കൂടാതെ മുഖക്കുരു അകറ്റാനും ഇത് സഹായിക്കും.
നിരവധി പേർ അനുഭവിക്കുന്ന സൗന്ദര്യ പ്രശ്നമാണ് കഴുത്തിലെ കറുപ്പ്. ഇതിനെ അകറ്റാൻ പതിവായി കഞ്ഞിവെള്ളം കൊണ്ട് കഴുത്ത് കഴുകിയാൽ മതി. ചൂടുകുരുവിനെ പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു.
താരനും മുടി കൊഴിച്ചിലും അകറ്റാനും കഞ്ഞിവെള്ളം നല്ലതാണ്. തലേന്നത്തെ കഞ്ഞിവെള്ളം പതിനഞ്ച് മിനിട്ട് തലയിൽ തേച്ച്, കഴുകിക്കളഞ്ഞാൽ മുടി കൊഴിച്ചിലകറ്റാം. പതിവായി ചെയ്യണമെന്ന് മാത്രം. താരനെ അകറ്റാൻ കഞ്ഞിവെള്ളത്തിൽ ഉലുവ കുതിർത്തുവച്ച്, അരച്ച് തലയിൽ തേച്ചാൽ മതി.