
ആപ്പിൾ ഐഒഎസ്, ആപ്പിൾ ഐ പാഡ് ഒഎസ് എന്നിവ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫൊർമേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോണ്ട്സ് ടീം (സിഇആർടി-ഐഎൻ) ആണ് ഉപയോക്താക്കൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്. മാർച്ച് 15നായിരുന്നു അത്. ഒന്നിലധികം സുരക്ഷാ വീഴ്‌ചയുണ്ടാകുമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ആർക്കെങ്കിലും സിസ്റ്റത്തിന്റെ പ്രവർത്തനം നിൽക്കുന്ന തരത്തിലുള്ളതോ ആവശ്യമായ കോഡ് പ്രവർത്തിപ്പിക്കാനോ, ഉപഭോക്താക്കളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളിലേക്ക് കടക്കാനോ, സുരക്ഷാ ക്രമീകരണത്തിലേക്ക് കടക്കാനോ കഴിയുന്ന തരത്തിലുള്ളതാണ് സുരക്ഷാ വീഴ്‌ച. വിവരങ്ങൾ സിഇആർടി-ഐഎൻ വെബ്സൈറ്റിലുണ്ട്.
ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയുടെ ഫസ്റ്റ് വേർഷനികളടങ്ങിയ ഐ ഫോൺ8, ഐ ഫോൺ 8 പ്ളസ്, ഐ ഫോൺ10, ഒന്നാം തലമുറ ഐ പാഡ് 12.9 ഇഞ്ച് എന്നിവക്കും ഐ ഫോൺ എക്സ്‌എസ്, 12.9 ഇഞ്ച് ഐ പാഡ് പ്രോ സെക്കന്റ് ജനറേഷൻ, ഐ പാഡ് പ്രൊ 10.5 ഇഞ്ച്, ഫസ്റ്റ് ജനറേഷൻ ഐ പാഡ് പ്രൊ 11 ഇഞ്ച് ഐപാഡ് തേഡ് ജനറേഷൻ ഐ പാഡ് എയർ, സിക്‌സ്ത് ജനറേഷൻ ഐ പാഡ് , ഫിഫ്‌ത് ജനറേഷൻ ഐ പാഡ് മിനി എന്നിവയ്‌ക്കാണ് സുരക്ഷാ ഭീഷണിയുള്ളത്.
ഈ പ്രശ്‌നങ്ങൾ അകറ്റാൻ കൃത്യമായി സോഫ്‌ട്‌വെയർ അപ്ഡേറ്റ് ചെയ്യുക, സുരക്ഷാ ക്രമീകരണങ്ങളെടുക്കുക, കണക്ഷൻ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക, ടു ഫാക്‌ടർ ഓതന്റിക്കേഷൻ നിർബന്ധമായും ചെയ്യുക, ഡൗൺലോഡ് ചെയ്യുന്നവയെ കുറിച്ച് ബോദ്ധ്യമുണ്ടായിരിക്കുക, കൃത്യമായി ഡാറ്റ ബാക്കപ്പ് ചെയ്യുക എന്നിങ്ങനെ നടപടികളെടുക്കണം.