seetha-soren

റാഞ്ചി: ജാർഖണ്ഡ് മുക്തി മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ സഹോദര ഭാര്യയും ജെഎംഎം എംഎൽഎയും നേതാവുമായ സീത മുർ‌മ്മു സോറൻ പാർട്ടി വിട്ടു. തനിക്ക് ലഭിക്കേണ്ട ബഹുമാനം ഇന്നുവരെ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയണ് സീത മുർമ്മു സോറൺ പാർട്ടി അംഗത്വം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്. താൻ പാർട്ടി വിടുന്ന കാര്യം ജെഎംഎം അദ്ധ്യക്ഷനും ഭർതൃപിതാവുമായ ഷിബു സോറനെ സീത മുർമ്മു സോറൻ അറിയിച്ചു.

ഇന്ന് രാവിലെയാണ് ഷിബു സോറന് സീത കത്ത് നൽകിയത്. ഡൽഹി ബിജെപി സ്ഥാനത്ത് നടന്ന ചടങ്ങിൽ സീത ബിജെപി അംഗത്വമെടുത്തു. ജാർഖണ്ഡിലെ ജമാ മണ്ഡലത്തിലെ എംഎൽഎയുമായ സീത എംഎൽഎ സ്ഥാനവും രാജിവച്ചു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീത മത്സരിക്കുമെന്നാണ് വിവരം. ഭർത്താവിന്റെ മരണശേഷം താനും തന്റെ കുടുംബവും നിരന്തരം പാർട്ടിയിൽ അവഗണിക്കപ്പെട്ടതായി സീത കത്തിൽ ആരോപിച്ചു. 'പാർട്ടി അംഗങ്ങളും സോറൻ കുടുംബാംഗങ്ങളും ഞങ്ങളെ വേർതിരിക്കുകയും പാർട്ടിയിൽ ഒറ്റപ്പെടുത്തുകയും ചെയ്‌തു.' സീത കത്തിൽ പറയുന്നു. നമ്മുടെ പാർട്ടിയുടെ മൂല്യങ്ങളോടും തത്വങ്ങളോടും പൊരുത്തപ്പെടാത്ത ചിലരുടെ കൈയിലാണ് ഇപ്പോൾ പാർട്ടി. ഷിബു സോറന് എഴുതിയ കത്തിൽ സീത പറഞ്ഞു.

'തനിക്കും കുടുംബത്തിനുമെതിരെ ഗൂഢാലോചനകൾ നടക്കുന്നു. ഇത് തടയാൻ അങ്ങ് പരാജയപ്പെട്ടു.' സീത പറഞ്ഞു. ഈ വർഷം ജനുവരിയിൽ ഇ.ഡി കേസിനെ തുടർന്ന് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോൾ ഹേമന്തിന്റെ ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാൻ ശ്രമമുണ്ടായി. ഇതിനിടെ താൻ മുഖ്യമന്ത്രിയാകുമെന്ന് കാട്ടി സീത എതിർത്തിരുന്നു. ഈ രാഷ്‌ട്രീയ നാടകമാണ് ഇന്ന് ബിജെപിയിലെത്തുന്ന തരത്തിലായത്.