battery

വടുവൻചാൽ: വടുവഞ്ചാൽ ചോലാടി റോഡിൽ പലയിടങ്ങളിലായി സ്ഥാപിച്ച തെരുവ് വിളക്കുകൾ മോഷണം പോകുന്നത് പതിവാകുന്നു. ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്ന് ബാറ്ററികൾ മോഷണം പോയി. ചിത്രഗിരി, ചെല്ലങ്കോട്, എന്നിവിടങ്ങളിലെ തെരുവ് വിളക്കുകളിലെ ബാറ്ററിയാണ് മോഷ്ടിക്കപ്പെട്ടത്. ചോലാടി ചെക്ക് പോസ്റ്റിന് സമീപത്തെ വിളക്കുകളിൽ നിന്നും ബാറ്ററി മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ചെക്ക് പോസ്റ്റ് ജീവനക്കാരൻ ഒച്ചവെച്ചതോടെ മോഷ്ടാക്കൾ ഉപേക്ഷിച്ചു പോയി. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കറങ്ങിയാണ് മോഷ്ടാക്കൾ വിലകൂടിയ ബാറ്ററികൾ മോഷ്ടിക്കുന്നത്. 25,000 രൂപ വരെ വിലയുളള ബാറ്ററികൾ ആണിത്. ഏതാനും മാസങ്ങൾക്ക് മുൻപ് റിപ്പൺ , അരപ്പറ്റ എന്നിവിടങ്ങളിലെ ബാറ്ററികളും സമാനമായ രീതിയിൽ മോഷണം പോയിരുന്നു. പ്രദേശവാസികൾ മേപ്പാടി പൊലീസിൽ പരാതി നൽകി. റോഡ് അരികിലെ സി.സി.ടി.വികൾ പരശോധിച്ചു മോഷ്ടാക്കളെ പിടികൂടാൻ തയ്യാറാകണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാൽ തന്നെ ഏറെ നാളത്തെ മുറവിളിക്കൊടുവിലാണ് ഈ ഭാഗത്ത് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. ബാറ്ററികൾ നഷ്ടമായതോടെ വിളക്ക് പ്രകാശിക്കാത്ത അവസ്ഥയായി. വടുവൻചാലിൽ മാത്രമല്ല ജില്ലയുടെ പലയിടങ്ങളിലും സമാനമായ രീതിയിലുളള മോഷണം നടക്കുന്നുണ്ട്. ഏതാനും വർഷങ്ങൾക്കു മുൻപ് കൽപ്പറ്റ നഗരസഭ കൽപ്പറ്റ മുതൽ പുത്തൂർവയൽ വരെ സ്ഥാപിച്ച ഇരുപതോളം തെരുവു വിളക്കുകളുടെ ബാറ്ററികൾ മോഷണം പോയിരുന്നു. മോഷ്ടാക്കൾക്ക് അവസരമാകുന്ന തരത്തിൽ വലിയ സുരക്ഷിതത്വമില്ലാതെ ബാറ്ററികൾ സ്ഥാപിക്കുന്നതും മോഷണം വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.