പത്തനംതിട്ട : മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണെങ്കിലും പത്തനംതിട്ട ജില്ലയിലെ പ്രധാന നഗരകേന്ദ്രങ്ങളായ അടൂരും തിരുവല്ലയിലും ലഹരിക്കേസുകൾ വർദ്ധിക്കുന്നതായി എക്സൈസിന്റെ റിപ്പോർട്ട്. ഗതാഗത സൗകര്യവും ആവശ്യക്കാരുടെ എണ്ണം കൂടുന്നതുമാണ് ഇതിന് കാരണം. ഉയർന്ന സാമ്പത്തിക സ്ഥിതിയിലുള്ളവരാണ് ലഹരിക്കേസുകളിലെ പ്രതികളിലധികവും. പ്രൊഫഷണൽ കോളേജുകളിൽ ഉന്നത പഠനം നടത്തുന്ന വിദ്യാർത്ഥികളും ലഹരി മാഫിയയുടെ കണ്ണികളാകുന്നു. ജില്ലയിലെ അഞ്ച് എക്സൈസ് സർക്കിളുകളിൽ നിന്നുള്ള പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തുന്നു. രഹസ്യവിവരങ്ങൾ അനുസരിച്ചുള്ള പരിശോധനയ്ക്ക് പുറമേ പ്രധാന ആഘോഷങ്ങൾക്കും പ്രത്യേക പരിശോധന നടത്താറുണ്ട്. ഇത്തരം പരിശോധനയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.