rcb

ബംഗളൂരു: വിമണ്‍സ് പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ് ഇത്തവണ കപ്പ് നേടിയത്. 16 വര്‍ഷമായി പുരുഷ ടീമിന് സാധിക്കാത്ത കിരീട നേട്ടം വെറും രണ്ടാം സീസണില്‍ തന്നെ ആരാധകരുടെ ഇഷ്ട ടീം സ്വന്തമാക്കി. ഐപിഎല്ലിലേക്ക് വന്നാല്‍ എല്ലാ സീസണിലും ഫേവറിറ്റുകളുടെ കൂട്ടത്തില്‍ മുന്നിലാണ് ആര്‍സിബി. എന്നാല്‍ മൂന്ന് തവണ കിട്ടിയ രണ്ടാം സ്ഥാനം മാത്രമാണ് എടുത്ത് പറയാനുള്ള നേട്ടം. നിര്‍ഭാഗ്യമെന്നും യോഗമില്ലാത്തതുകൊണ്ടാകും എന്നൊക്കെ പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ടാണ് ആര്‍സിബി കപ്പ് നേടാത്തത്?

കപ്പില്ലാത്തതിന് എല്ലായിപ്പോഴും ആരാധകരും വിമര്‍ശകരും ഒരുപോലെ പഴിക്കുന്നത് ആര്‍സിബിയുടെ ബൗളര്‍മാരെയാണ്. വന്‍ സ്‌കോര്‍ കണ്ടെത്തിയാലും അത് പ്രതിരോധിക്കാന്‍ ബൗളര്‍മാര്‍ക്ക് കഴിവില്ലെന്ന് വിമര്‍ശിക്കുന്നവര്‍ മറക്കുന്ന ഒരു പ്രധാന ഘടകമാണ് അവരുടെ ഹോം ഗ്രൗണ്ടായ ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയം. ബാറ്റര്‍മാരുടെ പറുദീസയെന്നോ ബൗളര്‍മാരുടെ ശവപ്പറമ്പെന്നോ ഒക്കെ ചിന്നസ്വാമിയിലെ പിച്ചിനെ വിശേഷിപ്പിക്കാം. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ബാറ്റിംഗ് ട്രാക്ക്, പോരാത്തതിന് ചെറിയ ബൗണ്ടറിയും.

ഹോം മത്സരങ്ങളില്‍ ഇവിടെ കളിക്കുന്ന ആര്‍സിബി ബൗളര്‍മാര്‍ എക്കോണമിയില്‍ മോശം പ്രകടനം പുറത്തെടുക്കുന്നതിന് 100 ശതമാനം തെറ്റ് പറയാന്‍ കഴിയില്ല. മറ്റ് ടീമുകളിലെ ലോകോത്തര ബൗളര്‍മാര്‍ പോലും ഇതേ ചിന്നസ്വാമിയില്‍ വെള്ളംകുടിക്കുകയും ചെണ്ട പദവിക്ക് അര്‍ഹരാകുകയും ചെയ്തിട്ടുമുണ്ട്. ആര്‍സിബി നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം വിരാട് കോലിക്ക് ശേഷം ഒരു മികച്ച ഇന്ത്യന്‍ ബാറ്റര്‍ ഒരു സീസണിലും അവര്‍ക്കില്ലായിരുന്നു എന്നത് തന്നെയാണ്.

ഇക്കാര്യത്തിന് ഏറ്റവും വലിയ തെളിവ് ഇതാ... ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിക്ക് വേണ്ടി ഏറ്റവും അധികം റണ്‍സ് നേടിയ താരം വിരാട് കോലിയാണ്. 229 ഇന്നിംഗ്‌സുകളില്‍ നിന്നായി 7263 റണ്‍സാണ് സമ്പാദ്യം. ഏറ്റവും കൂടുതല്‍ റണ്‍സ് ടീമിനായി നേടിയവരുടെ പട്ടികയില്‍ പിന്നൊരു ഇന്ത്യക്കാരനെ കാണണമെങ്കില്‍ ഏഴാം സ്ഥാനം വരെ എത്തണം. അതാകട്ടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കളി അവസാനിപ്പിച്ച ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേടിയ 898 റണ്‍സും.

വിരാട് കോലി കഴിഞ്ഞാല്‍ എ.ബി.ഡി, ക്രിസ് ഗെയ്ല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ ഫാഫ് ഡുപ്ലെസിസ്, ജാക്‌സ് കാലിസ് എന്നിവര്‍ക്ക് ശേഷമാണ് പട്ടികയില്‍ ദ്രാവിഡ് ഇടംപിടിച്ചിരിക്കുന്നത്. അതായത് സ്ഥിരതയോടെ കളിക്കുന്ന ഒരു ഇന്ത്യന്‍ ബാറ്ററുടെ അഭാവമാണ് എല്ലായിപ്പോഴും ബാംഗ്ലൂരിന് വിനയാകുന്നത്. കലാശപ്പോര് ഉള്‍പ്പെടെ പല മത്സരങ്ങളും ആര്‍സിബി ജയിക്കാതെ പോയതും കോലിക്ക് ശേഷം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഒരു ഇന്ത്യന്‍ താരം ഉണ്ടായില്ല എന്നത് മാത്രമാണ്.

അമിതമായി വിദേശ ബാറ്റര്‍മാരെ ആശ്രയിക്കുന്നതാണ് ആര്‍സിബിക്ക് പണി വാങ്ങി കൊടുക്കുന്നത്. പണ്ട് അത് ഗെയിലും എബിഡിയും ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് ഫാഫും മാക്‌സിയും ആണെന്നത് മാത്രമാണ് വ്യത്യാസം. ഐപിഎല്ലിലെ ഏറ്റവും ശക്തരായ അഞ്ച് തവണ വീതം ജേതാക്കളായ മുംബയ്, ചെന്നൈ ടീമുകളുമായുള്ള ആര്‍സിബിയുടെ പ്രധാന വ്യത്യാസവും വിശ്വസിക്കാന്‍ കൊള്ളാവുന്ന ഇന്ത്യന്‍ ബാറ്റര്‍മാരുടേയും ഓള്‍റൗണ്ടര്‍മാരുടേയും അഭാവം തന്നെയാണ്. ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പുരുഷ ടീമിന് ഇനിയും 'ഈ സാല കപ്പ് നമ്ദു' എന്ന് പറയാന്‍ അടുത്തൊന്നും യോഗമുണ്ടാകില്ല.