
ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026ൽ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ഭാരത് സമ്മിറ്റ് 2024ലാണ് പദ്ധതിയെക്കുറിച്ച് അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം. ബുള്ളറ്റ് ട്രെയിനിനായി റെയിൽവേ വിപുലമായ ആസൂത്രണം നടത്തി വരികയാണ്. അതിന് എല്ലാതലങ്ങളിലും കഠിനാദ്ധ്വാനവും തുറന്ന ആശയവിനിമയവും വേണമെന്നും മന്ത്രി പറഞ്ഞു.
മറ്റു രാജ്യങ്ങളിൽ 1980കളിൽ തന്നെ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ നിലവിൽ വന്നു. അന്ന് ഇന്ത്യ ഭരിച്ചിരുന്നവർ അതൊന്നും രാജ്യത്ത് നടപ്പാക്കിയില്ല. 2016ൽ നരേന്ദ്രമോദി സർക്കാരാണ് രാജ്യത്ത് ആദ്യമായി ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ കൊണ്ടുവന്നത്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വികസിത് ഭാരതത്തിനായി സർക്കാർ അടിത്തറ പാകിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു
അതേസമയം കേരളത്തിലെ റെയില്‍വേ ഗേറ്റുകളും ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുകയാണ്. സ്വിച്ച് ഇട്ടാല്‍ പ്രവര്‍ത്തിക്കുന്ന ഗേറ്റുകള്‍വരുമ്പോള്‍ ഗേറ്റ് കീപ്പറുടെ ശാരീരികാധ്വാനം കുറയും. റെയില്‍ ഗതാഗതത്തിലെ സുരക്ഷയും അതോടൊപ്പം വര്‍ദ്ധിക്കും.തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകീഴിലുള്ള തുറവൂര്‍-എറണാകുളം റീച്ചില്‍ നാലുകുളങ്ങര, ടി.ഡി. റെയില്‍വേ ഗേറ്റുകളില്‍ റെയില്‍വേ ഗേറ്റ് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന സംവിധാനം നടപ്പായി.
ആലപ്പുഴയിലെ തുറവൂര്‍ റെയില്‍വേസ്റ്റേഷനിലെ സിഗ്‌നലിങ് സംവിധാനവും ഓട്ടോമാറ്റിക്കായി. ദക്ഷിണ റെയില്‍വേയില്‍ മധുരയിലാണ് ഇത് ആദ്യം നടപ്പാക്കിയത്. രണ്ടാമത്തെ സ്ഥലമാണ് തുറവൂര്‍.ഓട്ടോമാറ്റിക് ആയാലും ഏതെങ്കിലുംസാഹചര്യത്തില്‍ പ്രവര്‍ത്തനത്തിന് തകരാറുണ്ടായാല്‍ ഗേറ്റ് പഴയപടി പ്രവര്‍ത്തിപ്പിക്കാനും കഴിയും. തുറവൂരിലെ രണ്ടുഗേറ്റുകള്‍ ഓട്ടോമാറ്റിക് ആവുന്നതിനും സിഗ്‌നലിങ് സംവിധാനം നവീകരിക്കുന്നതിനും 10 കോടിയോളം രൂപ ചെലവായി.സ്റ്റേഷനുകളിലെ സിഗ്‌നലിങ് സംവിധാനം ഓട്ടോമാറ്റിക് ആവുന്നതോടെ പരമ്പരാഗതരീതിയില്‍ സ്റ്റേഷന്‍മാസ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന സിഗ്‌നലിങ് സംവിധാനവും മാറും. ഇപ്പോള്‍ എറണാകുളം ഉള്‍പ്പെടെയുള്ള ചില സ്റ്റേഷനുകളില്‍ ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനമുണ്ട്.