
ഇന്ത്യാ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ സവർക്കറെക്കുറിച്ചുള്ള ബോളിവുഡ് ചിത്രം 'സ്വതന്ത്ര്യ വീർ സവർക്കർ' ഇതിനോടകം വാർത്തകളിൽ ഇടംനേടിയ ചിത്രമാണ്. സവർക്കറായി വേഷമിടുന്ന രൺദീപ് ഹൂഡ കഥാപാത്രമാകാനുള്ള തന്റെ ഒരുക്കത്തെ സൂചിപ്പിക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രം ഇതിനോടകം വലിയ ചർച്ചാവിഷയവുമായി.
"ഞാൻ എന്റെ ഹൃദയവും മനസും ഈ റോളിനായി നീക്കിവെച്ചു. ഇത് മാനസികമായി ഏറെ തളർത്തുന്നതുമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ തുടർച്ചയായി ഉറക്കഗുളികകൾ ഉപയോഗിക്കുന്നു.' ചിത്രത്തിന് വേണ്ടിയുള്ള തന്റെ തയ്യാറെടുപ്പിനെക്കുറിച്ച് ഹൂഡ പറയുന്നു. ഷർട്ട് ധരിക്കാത്ത തന്റെ ചിത്രത്തിൽ തൻ ഈ കഥാപാത്രത്തിനായി വരുത്തിയ മാറ്റങ്ങൾ കൃത്യമായി ഹൂഡ വ്യക്തമാക്കുന്നുണ്ട്. മെലിഞ്ഞ് ശരീരത്തോടെയുള്ള തന്റെ ചിത്രത്തിന് കാലാ പാനി എന്നാണ് ഹൂഡ പേര് നൽകിയത്.
കഥാപാത്രത്തിനായി 30 കിലോയോളമാണ് രൺദീപ് ഹൂഡ കുറച്ചത്. ഇക്കാര്യത്തിൽ സവർക്കറുടെ പേരക്കുട്ടി ഹൂഡയെ പ്രശംസിക്കുകയും ചെയ്‌തു. ഇതിനുമുൻപ് സർബ്ജിത്ത് എന്ന ചിത്രത്തിന് വേണ്ടിയും ഹൂഡ 28 ദിവസം കൊണ്ട് 20 കിലോ ഭാരം കുറച്ചിട്ടുണ്ട്. ഇതും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.