crocodile

ജൊഹാനസ്ബര്‍ഗ്: ഒരു ഭീമന്‍ മുതലയുടെ വായില്‍ നിന്ന് മൃഗശാല ജീവനക്കാരന്‍ കഷ്ടിച്ച് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഒരു മൃഗശാലയിലാണ് സംഭവം.

ബാലിറ്റോയിലെ ക്രോക്കഡില്‍ തീം പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ മുതലയുമായുള്ള നിമിഷങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മുതല ജീവനക്കാരന് നേരെ തിരിഞ്ഞത്. ഒരു വടി ഉപയോഗിച്ച് മുതലയെ ഇയാള്‍ തട്ടുന്നുണ്ടായിരുന്നു. ശാന്തനായി കാണപ്പെട്ട മുതല പെട്ടെന്ന് ക്ഷുഭിതനാകുകയായിരുന്നു. കുത്തി ഉയര്‍ന്നെണീറ്റ് വായ തുറന്നാണ് മുതല ജീവനക്കാരന് നേരെ തിരിഞ്ഞത്.

സാധാരണ മുതലകളില്‍ കാണപ്പെടുന്നതിലും കൂടുതല്‍ വലുപ്പവും ശക്തനുമായ നൈല്‍ വിഭാഗത്തിലെ മുതലയാണ് ബാലിറ്റോയിലെ പാര്‍ക്കിലുണ്ടായിരുന്നത്. ഇതിന്റെ കടിയേറ്റാലും മറ്റ് മുതലകളില്‍ നിന്ന് കടിയേല്‍ക്കുന്നതില്‍ കൂടുതല്‍ അപകടം സംഭവിക്കും.

മുതലയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ ജീവനക്കാരന്റെ കാലിന് ചെറിയ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ജീവനക്കാരന്‍ കഷ്ടിച്ച് രക്ഷപ്പെടുന്നതിന്റെ വീഡിയോ കാണാം.