d

സേലം: ഹിന്ദുമതത്തിന്റെ ശക്തി നശിപ്പിക്കുകയാണ് 'ഇന്ത്യ' മുന്നണിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ശക്തരായ ദേവതകളും സ്ത്രീ രൂപത്തിലാണ്. ശക്തി എന്നതിന് വലിയ അർത്ഥമുണ്ട്. എന്നാൽ ഡി.എം.കെയും കോൺഗ്രസും സനാതന ധർമ്മത്തെ തകർക്കുമെന്ന് പറയുന്നു. ഇത് അനുവദിക്കാമോ?- സേലത്ത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോൾ മോദി ചോദിച്ചു.

ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ 'ശക്തി' പരാമർശത്തെ ഏറ്റുപിടിച്ചുകൊണ്ടായിരുന്നു തമിഴ്നാട്ടിലും മോദിയുടെ പ്രസംഗം. കർണ്ണാടകയിലേയും തെലങ്കാനയിലെ റാലികളിലും മോദി പ്രസംഗത്തിൽ 'ശക്തി'യെ കൂട്ടുപിടിച്ചിരുന്നു. ഹിന്ദുവികാരത്തിനൊപ്പം തമിഴ്‌വികാരവും കൂട്ടിയിണക്കിയായിരുന്നു പ്രസംഗം.

കോട്ടമാരിഅമ്മനെ വണങ്ങിക്കൊണ്ടാണ് ഞാൻ സംസാരിക്കുന്നത്. നാം ശക്തിയെ എങ്ങനെ ആരാധിക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ. കോട്ടയിലെ മാരിയമ്മൻ കവാടത്തിൽ 'ഓം ശക്തി' എന്ന് എഴുതിയിരിക്കുന്നു. മറിയത്തെ നാം ശക്തിരൂപമായി ആരാധിക്കുന്നു. കാഞ്ചി കാമാക്ഷിയും മധുര മീനാക്ഷിയും ദേവിയുടെ ശക്തി രൂപങ്ങളാണ്. കന്യാകുമാരിയിൽ ഒരു ശക്തിയെ ആരാധിക്കുന്നു. സമയപുരത്ത് മാരിഅമ്മനാണ് ശക്തയായ പ്രതിഷ്ഠ.

'ഇന്ത്യ' കൂട്ടുകെട്ട് അവസരം കിട്ടുമ്പോഴെല്ലാം ഹിന്ദു ധർമ്മത്തെ ആവർത്തിച്ച് അവഹേളിക്കുന്നു. മറ്റൊരു മതത്തെയും അവർ കുറ്റപ്പെടുത്തിയിട്ടില്ല. തൊട്ടിട്ടില്ല. എന്നാൽ അവർ വീണ്ടും വീണ്ടും ഹിന്ദുമതത്തെ അപമാനിക്കുന്നു. ഹിന്ദുമതത്തിനെതിരായ പ്രത്യയശാസ്ത്രം അവർ ആസൂത്രിതമായി സൃഷ്ടിക്കുകയാണ്. എല്ലാ അവസരങ്ങളിലും അവർ ഹിന്ദുമതത്തെ അപമാനിച്ചുകൊണ്ടേയിരിക്കുന്നു. ഇത് എങ്ങനെ അനുവദിക്കും? പാർലമെന്റിൽ തമിഴ്നാടിന്റെ സാംസ്‌കാരിക ചെങ്കോൽ സ്ഥാപിക്കുന്നതിനെതിരെ അവർ രംഗത്ത് വന്നു. ചെങ്കോൽ കാണിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു.

ഡി.എം.കെയെ കുറിച്ച് പറഞ്ഞു തീർക്കാൻ ഒരു ദിവസം പോരാ. കേന്ദ്രസർക്കാർ നൽകിയ ഫണ്ടാണ് ഇവർ കൊള്ളയടിച്ചത്. 2ജിയിൽ അഴിമതി നടത്തിയവർ അഞ്ചാം തലമുറകളായി (5.ജി) ഭരിക്കാൻ ശ്രമിക്കുന്നു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഡി.എം.കെയെ നല്ലപാഠം പഠിപ്പിക്കും.

തമിഴ്നാട്ടിൽ എനിക്ക് ലഭിക്കുന്ന ജനപിന്തുണ രാജ്യം കാണുന്നുണ്ട്. എനിക്കും ബി.ജെ.പിക്കും തമിഴ്നാട്ടിൽ ലഭിക്കുന്ന പിന്തുണയിൽ ഡി.എം.കെയുടെ ഉറക്കം നഷ്ടപ്പെട്ടു. ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചു. മോദി വീണ്ടും ഇന്ത്യയെ വികസിപ്പിച്ചെടുക്കും വികസിത തമിഴ്നാടിനേയും.മൂന്നാമത്തെ വലിയ സമ്പത്തിക ശക്കിയായി സ്വയംപര്യാപ്തതമാകാൻ 400ലധികം എം.പിമാർ ആവശ്യമാണ്. രാമദോസും അൻപുമണിയും തമിഴ്നാടിന്റെ പുരോഗതിക്കായി ബി.ജെ.പിയുമായി കൈകോർത്തുവെന്നും മോദി പറഞ്ഞു.